Pages

Saturday, July 29, 2017

നമ്മുടെ പി യൂ ചിത്ര..

നാനോ ചിത്ര...

പി യൂ ചിത്ര.. ഈ കുട്ടിക്ക് മറ്റൊരു പേര് മലയാളി നല്‍കിയിരുന്നു. ''നാനോ ചിത്ര''. 2013ല്‍ 58മത് ദേശീയ സ്കൂള്‍ കായിക മത്സരത്തില്‍ പങ്കെടുത്ത് 1500 3000 5000 മീറ്ററുകളിലും 3 കിലോമീറ്റര്‍ ക്രോസ്കണ്‍ട്രിയിലും സ്വര്‍ണ്ണം നേടിയതിന് യു പി മുഖ്യമന്ത്രി ശ്രീ അഖിലേഷ് യാദവ് നേരിട്ട് നല്‍കിയ ടാറ്റ നാനോ..

ആ വര്‍ഷം തന്നെ അന്താരാഷ്ട്ര മത്സരമായ ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ മലേഷ്യയില്‍ വച്ച് 3000 മീറ്ററില്‍ സ്വര്‍ണം വാങ്ങിയതും മൂണ്ടൂര്‍ സ്കൂളിലെ നമ്മുടെ ചിത്രയാണ്.

വരുന്നവാര്‍ത്തകളില്‍ നിന്ന് മനസിലാവുന്നത് ഗൂഡാലോചന മാത്രമല്ല ചില കേന്ദ്രങ്ങളുടെ പിണിയാളുകള്‍ക്ക് മാത്രമായി ഇന്ത്യയിലെ  കായികരംഗം മാറിയിരിക്കുന്നു എന്നതാണ്. അത്ലറ്റിക് ഫെഡറേഷന്‍ ഒഫിഷ്യല്‍ എന്ന പേരില്‍ ലോകസഞ്ചാരത്തിന് മാത്രമായി ചിലര്‍ രംഗത്തുണ്ടെന്നതും കൂട്ടി വായിക്കേണ്ടതാണ്.

ചിത്രയ്ക്ക് ഒരുപാട് പരിമിതികളുണ്ടായിട്ടുണ്ട് ആ പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ചിത്ര പടവുകള്‍ കയറുന്നത്. അതിന് കൈതാങ്ങായി കേരളസര്‍ക്കാര്‍ മാറുന്നത് അഭിനന്ദനാര്‍ഹവുമാണ്.

ദേശീയഗെയിംസ് താരങ്ങള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് മുങ്ങിയ യു ഡി എഫ് സര്‍ക്കാരിനെ പോലെയല്ല തങ്ങളെന്ന് സഖാവ് മൊയ്തീനും കായികമന്ത്രാലയവും പ്രവര്‍ത്തിച്ച് കാണിക്കുന്നു.

പി യൂ ചിത്രയ്ക്ക് നീതി ഉറപ്പാക്കേണ്ടത് ഇനി കേന്ദ്രമന്ത്രാലയമാണ്. ഇടപെടേണ്ടിടത്ത് ഇടപെടാന്‍ കേന്ദ്ര യുവജനക്ഷേമ-കായികമന്ത്രി ശ്രീ വിജയ് ഗോയല്‍ ശ്രമിക്കും എന്ന് കരുതുന്നു.

ചിത്ര അവിടെ പങ്കെടുക്കുക എന്നത് മെഡലിനായല്ല. മറിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ഏതൊരാള്‍ക്കും മുന്നേറാന്‍ സാധിക്കുമെന്നും, അതിനായി ഗോഡ്ഫാദറും ഗോഡ്മദറൊന്നും വേണ്ടെന്ന് സാധാരണക്കാരായ പുതുതലമുറയെ കായികലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സാധ്യമാവും.

കായികതാരങ്ങളെ വളര്‍ത്താനാകണം കായികസ്കൂളുകള്‍. അവിടെ വരും തലമുറയെ മുരടിപ്പിക്കാനും സ്വാര്‍ത്ഥലാഭത്തിന് ഫണ്ട് അടിച്ചെടുക്കാനും മറ്റുള്ള വളര്‍ന്ന് വരുന്ന കായിക താരങ്ങളെ നിരുത്സാഹപ്പെടുത്താനുമാവരുത്. ശ്രീമതി പി ടി ഉഷയുടെയും അഞ്ജു ബോബി ജോര്‍ജിന്റെയും നിലപാടുകള്‍ അത് കൊണ്ട് തന്നെ നീതിയുക്തമായിരുന്നില്ലെന്നതാണ്. ഇത്തരം കോംപ്ലക്സ് മനോവൈകൃതം ഉള്ളവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു.

കായികമേഖലയില്‍ ഇത്തരക്കാരുടെ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. സൗജന്യമായി വിട്ടുനല്‍കിയ ഭൂമി ഉഷ സ്കൂളില്‍ നിന്ന് വീണ്ടെടുക്കണം. സ്വാര്‍ത്ഥതാത്പര്യക്കാര്‍ക്ക് മുന്നില്‍ കായികരംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി നിലനില്‍ക്കണം.

Friday, July 21, 2017

ഒരു വര്‍ഷം പിന്നിട്ട കേരളസര്‍ക്കാര്‍

ചിലത് കാണാതിരിക്കുന്നവരോട്...

എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രകടനപത്രികയില്‍ ഒന്നാണ് മിനിമം വേജസ് 600 രൂപയാക്കും എന്നുള്ളത്. ഈ ഭരണത്തിലേക്ക് കടന്നപ്പോള്‍ ആ പ്രകടനപത്രികയ്ക്ക് അനുസൃതമായി തന്നെയാണ് സഖാവ് പിണറായി വിജയന്‍ നയിക്കുന്ന ഭരണം മുന്നോട്ട് പോകുന്നത്.

ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ..

ക്ഷേമപെന്‍ഷനുകള്‍ കുറഞ്ഞത് 1000 ആക്കുകയും വര്‍ഷാവര്‍ഷം നൂറ് രൂപയുടെ വര്‍ദ്ധനവും ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ആ പെന്‍ഷനുകള്‍ 1100 രൂപയാണ്. അത് നടപ്പിലാക്കി വരുന്നു.

മറ്റൊന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ്. വിപ്ലവകരമായ മാറ്റത്തിലൂടെയാണ് ഇന്ന് പൊതുവിദ്യാഭ്യാസം മുന്നേറുന്നത്. പുസ്തകവിതരണത്തിന്റെ കാര്യത്തിലായാലും യൂണിഫോമിന്റെ കാര്യത്തിലായാലും ഉച്ചഭക്ഷണം എന്ന ഒരു നേരത്തെ ഭക്ഷണരീതി മാറി മൂന്ന് നേരഭക്ഷണത്തിലേക്ക് നീങ്ങിയതും ആ കാഴ്ചപ്പാടിന്റെ വ്യത്യാസമാണ്.

ഏറ്റവും ആശ്വാസകരമായ സംഭവം വിദ്യാഭ്യാസവായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ളതാണ്. വിദ്യാഭ്യാസവായ്പ തിരിച്ചടവ് സര്‍ക്കാര്‍ ഏറ്റെടുത്ത നിലപാട് പ്രശംസനീയമാണ്. പലപ്പോഴും വായ്പാതിരിച്ചടവിന് ഉതകുന്ന തരത്തില്‍ ശന്പളം ലഭ്യമാകാത്ത അനേകായിരങ്ങളുടെ സങ്കടത്തിന് അറുതിവരുത്തിയ തീരുമാനമായിരുന്നു അത്.

ലൈഫ് മിഷന്‍ എന്ന സര്‍ക്കാര്‍ പദ്ധതി ഏവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്നു. അതിന്റെ സര്‍വ്വേയും കഴിഞ്ഞ് പ്രാരംഭ പ്രവര്‍ത്തനങ്ങളും കൊല്ലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ പദ്ധതിയുടെ പ്രാധാന്യം ഞാന്‍ മനസിലാക്കിയടുത്തോളം കുടുംബത്തിലെ ഒരാള്‍ക്ക് ജീവനോപാധിക്കുള്ള മാര്‍ഗവും കൂടി സ്വായത്തമാക്കാനുള്ള പദ്ധതിയാണ്.

ഹരിതകേരളം പദ്ധതി നല്ല രീതിയില്‍ ജനസമൂഹത്തിലേക്ക് കടന്നു ചെന്നിരിക്കുന്നു. കേരളത്തിന്റെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഹരിതകേരളം പദ്ധതി മുന്നോട്ട് പോകുന്നത്. മഴവെള്ളസംഭരണികളും മഴക്കുഴി പദ്നതിയും മാലിന്യനിര്‍മാര്‍ജ്ജനവും കുളവും കൈതോടും തോടും സംരക്ഷണവും പാരന്പര്യകാര്‍ഷിക സംസ്കാരവും തിരിച്ചെടുക്കാനുള്ള തീവ്രയജ്ഞത്തിലാണ് ഹരിതകേരളം പ്രവര്‍ത്തകര്‍.

കൃഷിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ചിരിക്കുന്ന നയസമീപനവും പാടേ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. നെല്‍കൃഷിയുടെ വിസ്തൃതിയിലുണ്ടായ വര്‍ദ്ധനവ് കാണാതിരിക്കുന്നത് ശരിയല്ല. അതോടൊപ്പം തന്നെ പച്ചക്കറി കൃഷിയിലും മലയാളികളൊന്നടങ്കം അംഗീകരിച്ചു മുന്നോട്ട് പോവുകയാണ്. സ്വന്തം പുരയിടത്തില്‍ നിന്ന് തന്നെ ഒരു മുറം പച്ചക്കറി കൃഷി ചെയ്യാന്‍ ഇന്ന് സമൂഹം തയ്യാറായിരിക്കുന്നു.

വിലക്കയറ്റം യാഥാര്‍ത്ഥ്യം തന്നെയാണ്. ഇടതുപക്ഷം ഭരണത്തിലേറിയപ്പോള്‍ വ്യക്തമാക്കിയതാണ് അവശ്യസാധനങ്ങള്‍ക്ക് വിലവര്‍ദ്ധിക്കാതെ വിതരണം നടത്തുമെന്ന്. അത് പ്രകാരം സിവില്‍ സപ്ലൈസ് വകുപ്പ് സപ്ലൈകോ വഴി 25 ഇനം സാധനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ വിലവ്യത്യാസമില്ലാതെ നല്‍കി വരുന്നു. ഇതൊരു ചെറിയ കാര്യമല്ല. കാര്‍ഡൊന്നിന് അരിയും പയറും പഞ്ചസാരയും പലവ്യഞ്ജനവും നല്‍കുന്നു. ഇതോടൊപ്പം സഹകരണ സംഘങ്ങളും സബ്സിഡി നിരക്കില്‍ നല്‍കുന്നു. എന്നാല്‍ പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടെന്നത് സത്യം തന്നെയാണ്. അത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല എന്നത് വാസ്തവമാണ്. പൊതുവിപണിയില്‍ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ ഇടപെടുന്നത് പോലെ മറ്റൊരു സംസ്ഥാനസര്‍ക്കാരും ഇടപെടുന്നുണ്ടോ എന്ന് സംശയമാണ്.

വ്യവസായവകുപ്പിന്റെ നേട്ടങ്ങളെ ഒട്ടും തന്നെ കുറച്ച് കാണാന്‍ സാധിക്കുകയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ട്രാക്കോ കേബിള്‍സ് അടക്കമുള്ള സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത ശുഭസൂചകമാണ്. വ്യവസായസംരംഭങ്ങള്‍ക്ക് ഏകജാലകസന്പ്രദായം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നിലപാട് വ്യവസായിക കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കാനിടനല്‍കും.

വിവരസാങ്കേതികവളര്‍ച്ചയിലൂടെ അനേകം തൊഴിലവസരം സൃഷ്ടിക്കാനുള്ള വഴികളിലേക്കാണ് കേരളം മുന്നേറുന്നത്. ഐ ടി നയം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശാസ്ത്രസാങ്കേതിക മേഖലയിലെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനുതകുന്ന സര്‍ക്കാര്‍ നയം ആ മേഖലയില്‍ പഠിച്ചിറങ്ങുന്ന അനേകായിരങ്ങളുടെ അത്താണിയാകുമെന്നതില്‍ സംശയമില്ല.

അടിസ്ഥാനസൗകര്യങ്ങള്‍ക്കായിട്ടുള്ള പശ്ചാത്തലസൗകര്യങ്ങളുടെ വികസനത്തില്‍ അഴിമതി ഇല്ലാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിനായിട്ടുണ്ട്. കൊച്ചി മെട്രോ സമയബന്ധിതമായി ആദ്യഘട്ടം പൂര്‍ത്തീകരിക്കാനും ഓണത്തോടനുബന്ധിച്ച് രണ്ടാം ഘട്ടമായി എറണാകുളം സൗത്ത് വരെ പണി തീര്‍ത്ത് മുന്നോട്ട് പോകാനും സാധിക്കുമെന്നത് വലിയ നേട്ടം തന്നെയാണ്. ദേശീയ ജലപാത കൂടെ പ്രാവര്‍ത്തികമാക്കാനുള്ള നിലപാട് യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമം വിജയം കാണുകയാണേല്‍ ചിലവ് ചുരുങ്ങിയ യാത്ര കേരളത്തില്‍ സാധ്യമാകും. സംസ്ഥാനത്തിന്റെ അധീനതയിലുള്ള റോഡുകളില്‍ ടോള്‍ ഒഴിവാക്കാനുള്ള കേരളസര്‍ക്കാര്‍ നിലപാട് പ്രശംസനീയമാണ്. സമയബന്ധിതമായി ദേശീയപാത വികസനവും നടപ്പിലാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

അതോടൊപ്പം തന്നെയാണ് ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി, വൈദ്യുതി പദ്ധതികള്‍ എന്നിവയും സമയബന്ധിതമായി തീര്‍ക്കുക എന്നുള്ളത്.

പൊതുജനാരോഗ്യ പദ്ധതികള്‍ പലപ്പോഴും പാളുന്ന ഒരു രീതി കണ്ടു വരുന്നു. ഒട്ടും തന്നെ ആശാസ്യമായ സമീപനം പലപ്പോഴും സ്വീകരിക്കുന്നത് നിര്‍ഭാഗ്യവശാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. പനി പടര്‍ന്ന് പിടിക്കുന്ന സമയത്ത് രംഗത്തിറങ്ങിയത് കൊണ്ട് നേരയാകുമെന്ന നിലപാട് ആത്മഹത്യാപരമാണ്. സഖാവ് പിണറായി വിജയന്‍ തന്നെ ഇത് സൂചിപ്പിച്ചത് ബന്ധപ്പെട്ടവര്‍ ഓര്‍മയില്‍ വയ്ക്കണം. മാലിന്യനിര്‍മാര്‍ജ്ജനം അടിസ്ഥാന പ്രശ്നമായി നിലനില്‍ക്കുന്നു. ഇവിടെ  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അവരുടെതായ കടമയുണ്ട്, എന്നാല്‍ അതോടൊപ്പം തന്നെ ഓരോ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെതായ കടമയുണ്ടെന്ന ബോധ്യവും ഉണ്ടായിരിക്കണം. വീട്ടിലെ മാലിന്യം അവ തരം തിരിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ മാലിന്യനിര്‍മാര്‍ജ്ജനയൂണിറ്റുകളെ ഏല്‍പ്പിക്കാനാണ് ശ്രമിക്കേണ്ടത് അതിന് പകരം റോഡരികില്‍ തള്ളുന്നത് രോഗങ്ങളെ ക്ഷണിച്ചു വരുത്തുവാനേ ഇടവരുത്തൂ.

ആര്‍ദ്രം പദ്ധതി പോലെ കുടുംബത്തിനൊരു ഡോക്ടര്‍ പദ്ധതിയൊക്കെ വിജയകരമാക്കാന്‍ സര്‍ക്കാര്‍ ധര്‍മാശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചേ മതിയാവൂ. ഈ ഹെല്‍ത്ത് പദ്ധതി എന്നത് പലരിലേക്കും വേണ്ടത്ര അറിവ് എത്തിയിട്ടില്ലെന്നാണ് വിചാരിക്കുന്നത്. പൊതുജനസമക്ഷം ഈ പദ്ധതികള്‍ എത്തിക്കുവാന്‍ കര്‍മനിരതരായ എല്ലാ വിഭാഗങ്ങളുടെയും സഹകരണം ഉണ്ടാവേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ആരോഗ്യ സംബന്ധിയായ വിവരം (Health Bio) ശേഖരണം അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് നടത്തേണ്ടതുണ്ട്.

ഭിന്നശേഷികാരായവരുടെയും മറ്റും കാര്യത്തില്‍ സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നത് കാണാതിരിക്കാനാവില്ല. അനുയാത്ര പദ്ധതി അത് കൊണ്ട് തന്നെ ആര്‍ദ്രം പദ്ധതിയും ഈ ഹെല്‍ത്ത് പദ്ധതിയും പോലെ സര്‍ക്കാരിന് ഏറെ പ്രശംസ നല്‍കേണ്ട പദ്ധതികളാണ്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ സുസജ്ജരായ യുവജനപ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരേണ്ടതുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് ലക്ഷ്യം വച്ച് കൊണ്ട് അവര്‍ക്കായി പ്രതേകം വകുപ്പ് എന്നുള്ളത് എല്‍ ഡി എഫ് മുന്നോട്ട് വച്ച നയങ്ങളില്‍ ഒന്നാണ്. എല്ലാ വശങ്ങളും പഠിച്ച് കേരളസര്‍ക്കാര്‍ വകുപ്പ് രൂപീകരിച്ചിരിക്കുന്നു.

ഏറെ തെറ്റിധരിക്കപ്പെടുകയും സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത വിഭാഗമായ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ വാക്കുകളിലൂടെയല്ല മറിച്ച് പ്രവര്‍ത്തികളിലൂടെ കൈപിടിച്ച് സമൂഹത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെയും മറ്റും അവരും സമൂഹത്തിന്റെ ഭാഗമാക്കാനായി സര്‍ക്കാര്‍ പരിശ്രമിക്കുന്നു. സമൂഹം അവരെ ഒഴിവാക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. ചില കേസുകള്‍ കെട്ടിചമച്ചതെന്ന വാര്‍ത്തകള്‍ പരിശോധിക്കപെടേണ്ടതാണ്. സഗൗരവം  സര്‍ക്കാര്‍ അവ പരിശോധിക്കണം. കൊച്ചി മെട്രോയില്‍ തൊഴില്‍ നല്‍കാനും അവരുടെ താമസപ്രശ്നം സംബന്ധിച്ച് വിഷയം വന്നപ്പോള്‍ കുടുംബശ്രീ ഏറ്റെടുത്ത മുന്‍കൈ വിസ്മരിക്കാന്‍ സാധിക്കുന്നതല്ല.

ഏവര്‍ക്കും വൈദ്യുതി എന്ന സന്പൂര്‍ണ്ണ വൈദ്യുതി വിതരണ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പോലെയുള്ളതാണേല്‍ കേരളം സന്പൂര്‍ണ്ണ വൈദ്യുതിവത്കരണം സംഭവിച്ചിട്ട് പത്തിരുപത് വര്‍ഷത്തിലപ്പുറമായി. വൈദ്യുതി ഒരിക്കലുമെത്തിലെന്ന് കരുതിയ ആദിവാസി ഊരുകളില്‍ പോലും വനം വകുപ്പിന്റെ ചില വെല്ലുവിളികളെ അതിജീവിച്ച് വൈദ്യുതി എത്തിച്ച വകുപ്പിന്റെ നടപടി പ്രശംസനീയമാണ്.

ഇതോടൊപ്പം ചില കാര്യങ്ങള്‍ പ്രതേകം പരാമര്‍ശിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു.

1. നെയ്യാറില്‍ നിന്നും വെള്ളം നഗരത്തിലേക്ക് എത്തിച്ചത്.
2. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്ത് ചേരിനിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി വീടുകള്‍ സമയബന്ധിതമായി നിര്‍മിച്ചുനല്‍കിയത്.
3. വരട്ടെ ആര്‍ പുനരജ്ജീവനം.
4. കേരളബാങ്ക് എന്ന കാഴ്ചപ്പാടിനുള്ള അംഗീകാരം.
5. മെത്രാന്‍ കായല്‍ കൃഷി.
6. ആറന്മുള ബ്രാന്‍ഡഡ് അരി.
7. മലയാളം ഭാഷ നിയമം.
8. കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു.
9. കേരളത്തിലെ റെയില്‍ വികസനത്തിന് കേന്ദ്രവുമായി ചേര്‍ന്ന് തുടങ്ങുന്ന സംരംഭം
10. 36000+ വ്യക്തികള്‍ക്ക് ആദ്യ വര്‍ഷത്തിനുള്ളില്‍ തൊഴില്‍ നല്‍കിയതും പല തസ്തികകള്‍ നിര്‍മിച്ച് നിയമനം നടത്തുന്നതും.
11. കേന്ദ്രസര്‍ക്കാര്‍ വിറ്റ് തുലയ്ക്കാന്‍ ശ്രമിച്ച് പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്തത്.

ഇനിയും നീണ്ടുപോകും ഈ ലിസ്റ്റ്. പലതും വിട്ടുപോയിട്ടുണ്ടെന്ന് അറിയാം. ഓര്‍മ വരുന്നത് പോലെ അത് എഡിറ്റ് ചെയ്ത് എഴുതും.

ഈ കേരളസര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഓടാനല്ലെന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അവയിലായിരിക്കും സര്‍ക്കാരിന്റെ ശ്രദ്ധ. ഒന്നാം വര്‍ഷം അവലോകനറിപ്പോര്‍ട്ടിറക്കി പ്രകടനപത്രികയുമായി താരതമ്യം നടപ്പിലാക്കിയത് അതിന്റെ ഭാഗമായിട്ടാണെന്ന് കരുതുന്നു.

വിമര്‍ശനങ്ങളുന്നയിച്ച പത്രങ്ങളെ കൊണ്ട് തന്നെ പൊതുമേഖല പച്ചപിടിച്ചെന്ന് എഴുതിച്ചെങ്കില്‍ ഒന്നു ഉറപ്പിക്കാം സഖാവ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന്..