Pages

Saturday, September 30, 2017

ബാങ്കിംഗ് മേഖലയെ സംരക്ഷിക്കണം..

കേന്ദ്രസര്‍ക്കാര്‍ പ്രതേകനിയമപ്രകാരം സ്വതന്ത്രചുമതലയുള്ള സ്ഥാപനമാണ് SEBI.

ആഗസ്റ്റ് 4 2017ന് CIR/CFD/CMD/97/2017 എന്ന സര്‍ക്കുലര്‍ പ്രകാരം ഒക്ടോബര്‍ ഒന്ന് 2017 മുതല്‍ പാദവാര്‍ഷികമായി ആദ്യ ആഴ്ചയില്‍ ബാങ്ക് വായ്പയെ കുറിച്ചുള്ള വിവരങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരി വിപണികളില്‍ കന്പനികള്‍ അറിയിക്കണമായിരുന്നു.. SEBI ഇറക്കിയ മേല്‍പറഞ്ഞ സര്‍ക്കുലര്‍ സെപ്റ്റംബര്‍ 29 2017ന് PR 59/2017 പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മരവിപ്പിക്കാന്‍ തീരുമാനിച്ചു.

ആഗസ്റ്റ് 4ന്റെ സര്‍ക്കുലര്‍ നോക്കുക. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ദ്ധിക്കുന്ന സ്ഥിതിവിശേഷം രാജ്യത്ത് സംജാതമായിരിക്കുന്നു. അത് കൊണ്ട് തന്നെ വായ്പ നിഷ്ക്രിയആസ്തിയാക്കുന്ന കന്പനികള്‍ക്കെതിരെ എടുക്കുന്ന നടപടിയായിട്ടാണ് SEBI തന്നെ പറയുന്നത്.

SEBI ആദ്യം പറഞ്ഞത് പോലെയും നിയമപ്രകാരം പാര്‍ലമെന്റ് സൃഷ്ടിച്ച സ്വയംഭരണസ്ഥാപനമാണ്. അവിടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും പരിധി വിടുകയാണെന്നതാണ് അവസാനം ഇറങ്ങിയ ഓര്‍ഡര്‍ കാണുന്പോള്‍ മനസിലാകുന്നത്.

മൂന്ന് വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ട് വരുന്നു..

1. കോര്‍പ്പറേറ്റ് നികുതി കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ പത്ത് ലക്ഷം കോടി കവിയും

2. കഴിഞ്ഞ മൂന്ന് സാന്പത്തിക വര്‍ഷങ്ങളിലെ കോര്‍പ്പറേറ്റ് എടുത്ത ബാങ്ക് വായ്പകള്‍ എഴുതി തള്ളിയതും ''X'' ലക്ഷം കോടികളാണ്.. തിരിച്ച് ബാങ്കിന്റെ റീകാപ്പിറ്റലൈസേഷന്‍ നടത്തിയത് 6000 കോടി രൂപ.

3. 65000 കോടി രൂപ ലാഭവിഹിതം നല്‍കിയ ഇന്ത്യയുടെ റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ സാന്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരിന് നല്‍കിയത് നേര്‍പകുതിയാണ്.

ഇതോക്കെ അറിയാത്തത് അല്ല കേന്ദ്രസര്‍ക്കാരിനും ധനകാര്യവകുപ്പിനും. പക്ഷേ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നയങ്ങളുടെ പ്രത്യാഘാതം തന്നെയാണ് ഈ കാണുന്ന മുരടിപ്പ്. ബാങ്കുകള്‍ പലതും അടച്ച് പൂട്ടേണ്ടി വരുമെന്ന അവസ്ഥയിലെക്കാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കൊണ്ട് ചെന്നെത്തിക്കുന്നത്.

സാന്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുലച്ചപ്പോള്‍ ഇന്ത്യയില്‍ അലയടിക്കാതിരുന്നതിന്റെ പ്രധാനകാരണം ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനമാണ്. സുശക്തമായിരുന്ന സേവന മേഖലയെ മുച്ചൂടും മുടിപ്പിച്ച മൂന്ന് വര്‍ഷങ്ങളാണ് കടന്ന് പോയിരിക്കുന്നത്.

എന്നാല്‍ ലോകത്ത് മറ്റോരിടത്തും മാന്ദ്യമില്ലാത്തപ്പോള്‍ ഇന്ത്യയില്‍ സന്പദ്ഘടന തകര്‍ക്കാന്‍ ചെറിയ കഴിവ് പോരാ.. അമേരിക്കയും വടക്കന്‍ കൊറിയയെയും കഷ്ടപെടുന്നുണ്ട് യുദ്ധത്തിലൂടെ ലോകത്തും സാന്പത്തിക മാന്ദ്യം സൃഷ്ടിക്കാന്‍.. പക്ഷേ സുശക്തമായ ബാങ്കിംഗ് സേവനമേഖലയുടെ കടയ്ക്കലാണ് മോദിയും കൂട്ടരും ഒന്നിന് പിറകേ ഒന്നായി വെട്ടി മുറിക്കുന്നത്.

രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പല മുന്നറിയിപ്പും സന്പദ്ഘടനയും മറ്റ് മിക്ക മേഖലകളും കണക്കുകളിലൂടെ അറിയിച്ച് കൊടുക്കുന്നു.. രാജ്യത്ത് കര്‍ഷക- തൊഴിലാളി സമരങ്ങള്‍ പണ്ടത്തെതിനെക്കാള്‍ ശക്തിപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതി ഫണ്ട് രണ്ട് വര്‍ഷമായി കൊടുക്കാനുണ്ട്. സാധാരണക്കാരുടെ ജീവിതം പല മേഖലകളില്‍ താറുമാറാവുന്നു..

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തപെടേണ്ടതാണ്. അതല്ലെങ്കില്‍, രാജ്യത്തെ കാത്തിരിക്കുന്നത് സര്‍വ്വനാശമാകും.



Wednesday, August 16, 2017

കേരളം ബോധവത്കരിക്കണം..

മരണക്കളിയില്‍ ആശങ്ക ഒഴിവാക്കാന്‍ ജനപ്രതിനിധികളും യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും അദ്ധ്യാപകരും കൈകോര്‍ക്കണം..

നവമാധ്യമരംഗത്ത് കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയനേതൃത്വവും യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും നേരത്തെക്കാളേറെ സജീവമാണ്..ജില്ലാ ഭരണകൂടനേതൃത്വത്തിലുള്ളവരും സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും എന്ന് വേണ്ട സമസ്തമേഖലയിലുള്ളവരും സജീവമായ സ്ഥലമാണ് നവമാധ്യമങ്ങള്‍. വാട്ട്സാപ്പ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റാഗ്രാം തുടങ്ങി പലതും ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉള്ളിടങ്ങളില്‍ ഉണ്ടാവുകയാണ്...

അഞ്ച് വയസുകാരന്റെ കളിപ്പാട്ടമായി മൊബൈല്‍ മാറുന്പോള്‍ അവനോ അവളോ (ആ കുഞ്ഞ്) അതില്‍ ആകൃഷ്ടരാകുന്നു. ഈയിടയ്ക്ക് പ്രചരിച്ച ഒരു വാട്ട്സാപ്പ് വീഡിയോ ഓര്‍മവരുന്നു. അതില്‍ ഒരു കുഞ്ഞ് ഫോണിലൂടെ വലിയവര്‍ സംസാരിക്കുന്നത് അനുകരിക്കുന്നു.. വാക്കുകളുടെ അര്‍ത്ഥം അറിഞ്ഞിട്ടാണോ അല്ലയോ എന്നത് വിഷയമാണ്. ആരോട് എന്ത് എങ്ങനെ സംസാരിക്കണം എന്നുള്ളത് പഠിപ്പിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിക്കണം.. ശാസിക്കാന്‍ പറ്റുന്ന അവസരത്തില്‍ ശാസിച്ചാല്‍ വലിയവായിലുള്ള ശാസന പിന്നീട് ഒഴിവാക്കാം. ആ കുട്ടിയുടെ തെറ്റിലേക്ക് പോകുന്നില്ല. പകരം അതിലെ തെറ്റുകാര്‍ ആ കുട്ടിയെ കൊണ്ട് അത്തരം വര്‍ത്തമാനം പറയിച്ചവരാണ്. ഇവിടെ ചെറിയൊരു മനശാസ്ത്രം ഉണ്ട്.

''children are like wet cement, whatever falls on them make an impression." അവരുടെ ഉള്ളിലേക്ക് പലതും പതിഞ്ഞ് പോകും. അത്തരത്തിലൊന്നായി ''നമ്മുടെ'' ഭാഷയും ശൈലിയും വരും. സ്വയം വിമര്‍ശനപരമായി തന്നെ പറഞ്ഞാല്‍ ഞാനടക്കം അത് പലതിന്റെയും പേരില്‍ കണ്ണടയ്ക്കുന്നു.

ഇന്ന് കന്പ്യൂട്ടറും മൊബൈലും ഇന്റര്‍നെറ്റ് സൗകര്യവും യാതൊരു ബുദ്ധിമുട്ടും കൂടാതെ ഏവരിലേക്കും എത്തുന്നു. സേവനദാതാക്കളുടെ മത്സരമാണിന്ന്.. 2Gയും 3G യും കഴിഞ്ഞ് 4G കാലഘട്ടത്തിലാണ് നാമിന്ന്. കുട്ടികള്‍ ഒന്നാം ക്ലാസില്‍ കന്പ്യൂട്ടര്‍ ക്ലാസ് കൊടുക്കാനുള്ള പാച്ചിലിലാണ് അച്ഛനമ്മമാര്‍. അവരുടെ തെറ്റൊന്നുമിതില്ലില്ല. കാരണം ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയാലേ പഠിക്കാന്‍ സീറ്റുള്ളൂ. കുട്ടികള്‍ ഒതുങ്ങുകയാണ്.. പഠനത്തിലേക്ക്.. കളിക്കാന്‍ നേരമില്ല. ഓട്ടമാണ് പഠനത്തിന്റെ ഓട്ടം. ട്യൂഷന്‍ ക്ലാസുകളില്‍ നിന്ന് ട്യൂഷന്‍ ക്ലാസുകളിലേക്ക്..

അവിടെയാണ് അവര്‍ക്ക് കിട്ടുന്ന എന്തേലും ഒന്ന് അവരുടെ ചിന്തകളിലേക്ക് കടക്കുന്നത്. വീട്ടില്‍ വന്നാല്‍ ഹോംവര്‍ക്ക്.. സ്കൂളില്‍ ചെന്നാല്‍ ക്ലാസ് ടെസ്റ്റ്. മാനസികസമ്മര്‍ദ്ദം കുഞ്ഞുങ്ങളില്‍ നമ്മേക്കാള്‍ ഏറെയാണ്. അതിന്റിടയ്ക്കാണ് അവരെ മറ്റുള്ളവരുമായി ചേര്‍ത്തുള്ള താരതമ്യം ചെയ്യല്‍. പരിഹാസം. ഇവ സൃഷ്ടിക്കുന്നത് ആ കുഞ്ഞുമനസുകളില്‍ വെറുപ്പ് ദേഷ്യം ഒറ്റപ്പെടല്‍ എന്നിവയും.

വൈകുന്നേരം മൊബൈലില്‍ കുത്തുന്ന അച്ഛനെയും ടി വിക്ക് മുന്നില്‍ സീരിയലിലും റിയാലിറ്റി ഷോയിലും തത്പരയായ അമ്മയെയും. ന്യൂക്ലിയര്‍ കുടുംബത്തിലെ കുട്ടികള്‍ ഒറ്റപെടാനും അവന്റെ കൂട്ടിന് അച്ഛനും അമ്മയും ഒരുക്കി കൊടുത്ത മൊബൈലിലെക്കോ ലാപ്പ്ടോപ്പിലേക്കോ മാറും. അവന്‍ അതവരോട് ആവശ്യപെടുന്നതാവാം അവരത് നേടി കൊടുക്കുകയും ചെയ്തതാവാം. കാരണം അവന്‍ അവരുടെ മകനോ മകളോ ആണല്ലോ.. തെറ്റായവഴിയില്‍ പോകില്ലെന്ന ചിന്ത..

ഇവിടെ അവന്‍ അവന്റെ സുഹൃത്തായ കന്പ്യൂട്ടറും മൊബൈലിലും ചങ്ങാത്തതിലേര്‍പ്പെടുന്നു. നല്ലത് തന്നെ പക്ഷേ മകന്‍ അതില്‍ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാനും എന്താണ് ബ്രൗസ് ചെയ്യുന്നതെന്നും രക്ഷകര്‍ത്താക്കള്‍ക്ക് അറിയാന്‍ ഉത്തരവാദിത്ത്വമുണ്ടാവണം അതവരുടെ കടമയുമാണ്.

ശാസ്ത്രസാങ്കേതിക വളര്‍ച്ചയോടൊപ്പം തന്നെ പല ചതിക്കുഴികളും അതോടൊപ്പം ഉണ്ടായിരിക്കുന്നു..അതിന്റെ ഭാഗമെന്നോണം ഒറ്റപ്പെട്ട പിള്ളമനസുകള്‍ ഈ ചതിക്കുഴികളിലേക്ക് വീണ് പോകാം. അവിടെ അവര്‍ക്കാശ്വാസമായി ആരാണ് വരുന്നതെന്നോ എങ്ങനെയാണ് വരുന്നതെന്നോ പറയാന്‍ സാധിക്കില്ല.

പുറത്ത് വരുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ഒരു രീതിയില്‍ ഭീതിജനകമാണ്. ഒരു പക്ഷേ കേരളമുഖ്യമന്ത്രിയുടെ ഇടപെടലിനെ കൂട്ടി ചേര്‍ത്ത് വായിക്കുന്പോള്‍ കാര്യങ്ങള്‍ അത്ര നിസാരവത്കരിച്ച് കാണാന്‍ സാധിക്കുകയുമില്ല. മരണക്കളിയുടെ വ്യാപനം അതീവ ഗുരുതര പ്രശ്നങ്ങള്‍ ഉളവാക്കുന്നതാണെന്ന് തീര്‍ച്ച. മൊബൈലില്‍ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും കിട്ടാത്തത് എങ്ങനെ വ്യാപിക്കുന്നു എങ്ങനെ മാധ്യമങ്ങളിലേക്ക് എത്തി എന്നത് ചിന്തിക്കേണ്ടതാണ്. അത് തടയാന്‍ എന്തൊക്കെ വേണമെന്നുള്ളതിനും..

ആ മരണക്കളിയുടെ പേരും മറ്റും ഉപയോഗിക്കാതിരിക്കുന്നത് തന്നെയാണ് ആദ്യ മാര്‍ഗം എന്ന് തോന്നുന്നു. അത് എത്രമേല്‍ ശരിയായിരിക്കാം എന്നെനിക്ക് ഉറപ്പില്ല എങ്കിലും ആന്റിവൈറസ് മേഖലയിലെ പരിചയം വെച്ച് പറയട്ടെ. നമ്മുടെ ഓരോ സിസ്റ്റത്തിനും Mac idയും ipയും unique ആണ്. ഇങ്ങനെയുള്ള സമയത്ത് നമ്മുടെ ചില search ചെയ്യുന്ന വാക്കുകള്‍ ഇത്തരം ''മരണക്കളികളുടെ സെര്‍വറു''കളിലേക്ക് നമ്മുടെ സെര്‍ച്ചുകള്‍ എത്തിക്കാം. ഇത് ശരിയാണെന്ന വാദമൊന്നും ഞാന്‍ മുന്നോട്ട് വയ്ക്കുന്നില്ല. പക്ഷേ മാല്‍വെയറുകള്‍ പലപ്പോഴും സിസ്റ്റത്തിലേക്ക് കടക്കുന്നത് ഇത്തരം പഴുതുകളിലൂടെയാണ്. Vulnerability എന്ന് വിളിക്കും.

രണ്ട് ഒരാളുടെ കയ്യിലേക്ക് (മൊബൈലില്‍) വന്നാല്‍ ആളുടെ സുഹൃദ് ബന്ധങ്ങള്‍ അവരുടെ ഫോണ്‍ലിസ്റ്റിലുണ്ടാകും. സമാനമനസ്കരെ അത് കൊണ്ട് തന്നെ ഇത്തരം സെര്‍വറുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ ശ്രമിക്കും. ഒരു പക്ഷേ ഇത് വെറുമൊരു സെര്‍വറാകാമെന്നില്ല ഒരു കൂട്ടം ഉണ്ടാവാം..

എനിക്ക് തോന്നിയ പ്രതിവിധി...

1. നിങ്ങളുടെ കുട്ടികള്‍, സഹോദരങ്ങള്‍ ആരായാലും അവര്‍ ഇത്തരം അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് അവരോട് ചോദിക്കേണ്ട രീതിയില്‍ ചോദിക്കുക. അതിന് ആദ്യം അവരോടൊപ്പം ഇരിക്കണം. ഇവിടെ ഒന്ന് മനസിലാക്കുക.. ഭേദ്യം ചെയ്യുന്നത് കൊണ്ട് കാര്യമുണ്ടാവില്ല. കാരണം കുട്ടിയുടെ മനസുമായിട്ടുള്ള നിങ്ങളുടെ മനസ് വേണം ആദ്യം ഇണങ്ങാന്‍.

2. മൊബൈല്‍ സിം ഒഴിവാക്കുക.
3. മൊബൈല്‍ ഫോണ്‍ ഒഴിവാക്കുക.

കാരണം നാളെ ഇവന്‍ മറ്റൊരു ഫോണില്‍ സിം ഇട്ടാലും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകാം ഫോണിലെ സിം മാറ്റിയാലും മാക് ഐ ഡി വഴി നിര്‍ദ്ദേശങ്ങള്‍ വരാം.

4. കുട്ടികളുടെ ശൈലിയില്‍ പൊതുവേയുള്ളതില്‍ നിന്ന് വിഭിന്നമായി (മൊബൈല്‍ ഫോണുള്ളവര്‍ അല്ലേല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍) സ്വഭാവത്തില്‍ വ്യത്യാസം കണ്ടാല്‍ കുട്ടിയെ ആദ്യം രക്ഷകര്‍ത്താക്കള്‍ അല്ലേല്‍ അദ്ധ്യാപകര്‍ കൗണ്‍സലിങ്ങ് നല്‍കുക. സെന്ററുകളില്‍ പോകുന്നതിന് മുന്നേ രക്ഷകര്‍ത്താക്കളോ അദ്ധ്യാപകരോ ചെയ്യുക.

5. കലാ - കായിക വിനോദങ്ങള്‍ക്ക് കുട്ടികളെ പറഞ്ഞയയ്ക്കാന്‍ ശ്രദ്ധിക്കുക. അടച്ചിട്ട് വളര്‍ത്താതെ പ്രൈവറ്റ് ബസിലും മറ്റും സ്കൂളില്‍ ആറാം ക്ലാസ് തൊട്ടെങ്കിലും വിടുക.

ദയവ് ചെയ്ത് സീരിയലുകളും റിയാലിറ്റി ഷോകളും കാണാതെ അവരോടൊപ്പം ഇരുന്ന് പണ്ട് നിങ്ങള്‍ക്ക് ആരേലും ഒക്കെ പറഞ്ഞ് തന്ന കഥകളോ പണ്ട് പഠിച്ചതോ ആയ നല്ലകഥകളും കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുക.

ഇതിലെ ഏറെറവും വലിയ വിഷയം ഇതൊരു മനശാസ്ത്രപരമായ സാങ്കേതികവിദ്യയുടെ ദുരുപയോഗമാണ്.

രാഷ്ട്രീയ നേതൃത്വങ്ങളും യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഇതിനെ ഉള്‍കൊണ്ട്, നിങ്ങളുടെ സജീവ പ്രവര്‍ത്തകരെ വച്ച് ഈ സാമൂഹികവിപത്തിനെതിരെ ബോധവത്കരണം നടത്താന്‍ തയ്യാറാവണം.

(ഇത് എന്റെ ഈ വിഷയത്തിലെ ചിന്തകളാണ്. എന്റെ ഈ അഭിപ്രായം പൂര്‍ണ്ണമായും ശരിയാണെന്ന വാദമൊന്നുമില്ല. എന്നാല്‍ അപ്പാടെ തെറ്റാണെന്നും തോന്നുന്നില്ല.. ആരെയും കുറ്റപെടുത്താനോ അല്ല. )

Tuesday, August 1, 2017

ഞാനൊരു സംഘപരിവാറുകാരനല്ല.. എന്നാലും

''ഞാനൊരു സംഘപരിവാറുകാരനല്ല, എന്നാലും...''

അങ്ങനെ അച്ഛേദിന്നിലെ #giveitup പരിപാടിക്ക് ഈ സാന്പത്തിക വര്‍ഷ വാര്‍ഷിക കണക്കെടുപ്പോട് കൂടി അന്ത്യമാവുന്നു. ഇവയെല്ലാം ഉദാരവത്കരണ നയസമീപനങ്ങളുടെ ഭാഗമായി വന്നെത്തിയ ദുരിതത്തിന്റെ ഭാഗം മാത്രമാണ്..

ഒരു പക്ഷേ ഫാസിസത്തെ മനസിലാക്കാതെ വര്‍ഗീയതയുടെ ചേരിത്തിരിവില്‍ പലര്‍ക്കും മനസിലാക്കാന്‍ കഴിയാതെ പോകുന്ന ഒന്നായി ഉദാരവത്കരണനയത്തിന്‍ മേല്‍ ഫാസിസ്റ്റ് ശക്തികള്‍ അടിച്ചേല്‍പ്പിക്കുന്ന പലതും.

ആദ്യം ചില വാഗ്ദാനം നല്‍കി. ഏവര്‍ക്കും ബാങ്ക് അക്കൗണ്ട്. എല്ലായിടത്തും വൈഫൈ, ഏല്ലായിടത്തും ശൗചാലയം, ഏവര്‍ക്കും വൈദ്യുതി, റോഡ്. ഉന്തിന്റിടയില്‍ തള്ളെന്ന പോലെ ഒക്കത്തിന് ആധാര്‍ കാര്‍ഡും.

ആധാറിനെ സംബന്ധിച്ച് കേസ് - ജനത്തിന്റെ സൗകാര്യത മൗലീകാവകാശം - സംബന്ധിച്ച് - സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നു. ആധാറിലെ വിവരങ്ങള്‍ പുറത്ത് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. രസകരമായ സംഭവം ''സംഘപരിവാര്‍ തത്പരര്‍'' (ഇവരെ ഇനി ഈ പോസ്റ്റില്‍ നിഷ്പക്ഷരെന്ന് വിളിക്കും) വളരെ ലഘുവായാണ് ഇക്കാര്യം കാണുന്നത്. അതിലെന്താ, ഓ ഇതൊക്കെ ആര്‍ക്ക് കൊടുത്താലെന്താ, മറ്റുള്ളിടങ്ങളില്‍ അതുണ്ട്. അവിടിത് കിട്ടും, ഇജ്ജാതി തട്ടാണ് നിഷ്പക്ഷവാദികളുടെ നിലപാട്. സത്യം പറയാലോ ഈ നിഷ്പക്ഷവാദികള്‍ കോണ്‍ഗ്രസ് ഭരിച്ച കാലത്ത് ഇതിനെ നൈസായി എതിര്‍ത്തതാണ് പിന്നെ സഖാവ് വി എസിന്റെ പ്രസ്താവന വന്നപ്പോള്‍ അന്നേ ആധാറിനൊപ്പമായി..

ഒരു മഴപെയ്തപ്പോള്‍ കുന്നിടിഞ്ഞ പോലെ തകര്‍ന്ന അഹമ്മദാബാദ് റോഡ് പോലെയാണ് എന്‍ ഡി എ സര്‍ക്കാര്‍. സമസ്ത മേഖലകളിലും അഴിമതി നടമാടുന്നുണ്ട്. പ്രാദേശികനേതൃത്വം മുതല്‍ ദേശീയനേതൃത്വം വരെ ഡിജിറ്റലൈസ്ഡ് അഴിമതി നടത്തുകയാണ്. കേരളത്തില്‍ നിന്നുള്ളത് മാത്രമാണ് പുറത്തറിഞ്ഞിട്ടുള്ളത്. ജസ്റ്റിസ് ലോധ പറഞ്ഞത് MCI ക്ക് കീഴില്‍ അനുമതി നല്‍കിയതില്‍ പോലും അന്വേഷണം വേണമെന്നാണ്. നിഷ്പക്ഷര്‍ പക്ഷേ വാ തുറക്കില്ല.

ഏവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ പദ്ധതി വന്‍ ബഹളമായിരുന്നു ആദ്യ ഘട്ടത്തില്‍. അതോടൊപ്പം സ്ത്രീകള്‍ക്ക് വായ്പാസൗകര്യവും. ഈ ജന്‍ധന്‍ അക്കൗണ്ടിന്റെ കണക്കെടുത്ത് പരിശോധിച്ചാല്‍ അക്കൗണ്ട് തനിയെ ക്ലോസാവാതിരിക്കാന്‍ പല ബാങ്കുകളും എന്താണ് ചെയ്തതെന്ന്  നിഷ്പക്ഷര്‍ അന്വേഷിക്കൂ.. എത്ര വായ്പ നല്‍കിയെന്നും അതിന്റെ തിരിച്ചടവ് എന്തായെന്നും. ഇന്നലെ എസ് ബി ഐ സേവിങ്ങ്സ് അക്കൗണ്ടുകള്‍ക്ക് പലിശനിരക്ക്. (നിക്ഷേപങ്ങള്‍ക്ക് 0.5 %) കുറച്ചിട്ടുണ്ട്. നാളെ നമ്മുടെ സന്പാദ്യം സൂക്ഷിക്കുന്നതിന് ബാങ്ക് ചാര്‍ജ് ഈടാക്കുമെന്നതില്‍ മറിച്ചൊരു ചിന്ത ഉണ്ടാവേണ്ടതില്ല. ഇത് സംഭവ്യമല്ലെന്ന് ചിന്തിക്കുന്നവര്‍ നോട്ട് നിരോധനത്തില്‍ സഖാവ് തോമസ് ഐസക്കിനെതിരെ നിലവിളിച്ചത് പോലെ തന്നെയാകും എന്നേ പറയാനുള്ളൂ.

പെട്രോള്‍ ഡീസല്‍ വിലയുടെ നിയന്തണാധികാരം കന്പനികള്‍ക്ക് നല്‍കിയതും പോരാതെ ദിവസേന വില മാറ്റാനുള്ള നയം പ്രതീക്ഷിച്ചതാണ്. നവലിബറല്‍ നയങ്ങളുടെ തുടക്കത്തില്‍ തന്നെ പെട്രോളിയം സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ ആരംഭിച്ചതില്‍ നിന്ന് തുടങ്ങി വിലനിയന്ത്രണ അധികാരം സര്‍ക്കാരില്‍ നിന്ന് കന്പനികള്‍ക്ക് നല്‍കി യു പി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എപ്പോള്‍ വേണമെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തോ എന്ന നിലപാട് കൊണ്ട് വന്നതിനുമൊക്കെ പിറകില്‍ ജനവിരുദ്ധതയുടെ അപ്പോസ്തലന്മാരാണ്. നിഷ്പക്കര്‍ പക്ഷേ ഇതൊന്നും അറിഞ്ഞിട്ടും അറിഞ്ഞിട്ടെയില്ല.

ലോകത്ത് അസമത്വം വര്‍ദ്ധിച്ച രാജ്യങ്ങളുടെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് കുറച്ച് നാള്‍ മുന്നേ വരികയുണ്ടായി. ഞെട്ടിക്കുന്ന കണക്കുകളായിരുന്നു. സാന്പത്തികശാസ്ത്രത്തില്‍ Pareto Optimal theory എന്നൊന്നുണ്ട്. അത് പറയുന്നത്. It is a state of economic efficiency where one cannot be made better off by making someone worse. സാന്പത്തിക കാര്യക്ഷമത എന്നത് ഒരാള്‍ക്ക് നന്നാവാന്‍ മറ്റൊരാള്‍ മോശമാവേണ്ടത് അനിവാര്യമാണ് എന്നാണ്. ഇവിടെ മുതലാളിത്തവര്‍ഗം മധ്യവര്‍ഗത്തെയും തൊഴിലാളി സമൂഹത്തെയും ചവിട്ടിമെതിക്കാന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്ന അവസ്ഥയാണ്. പക്ഷേ നമ്മുടെ നിഷ്പക്ഷ സമൂഹം ഈ പറയുന്ന വരേണ്യവര്‍ഗത്തിലേക്ക് കടക്കാന്‍ കൂടെയുള്ളവരെ ഒറ്റുകയും മുതലാളിത്ത്വവര്‍ഗത്തിനും ഭരണകൂടത്തിനും കുഴലൂത്ത് നടത്തുകയുമാണ്. നാളെ അവരെ തേടിയെത്താന്‍ പോകുന്ന കെടുതികളെ കാണാന്‍ അവര്‍ തയ്യാറല്ല കാരണം മധ്യവര്‍ഗത്തിലെ നിഷ്പക്ഷരെ സംബന്ധിച്ച് തൊഴിലാളി വര്‍ഗവും പ്രസ്ഥാനങ്ങളും തീണ്ടാപാടകലെ നിര്‍ത്താനുള്ളതാണ്.

അവര്‍ നോട്ട് നിരോധനം നടത്തി, ബാങ്ക് ലയിപ്പിച്ചു, വര്‍ഗീയ സപര്‍ദ്ധ സൃഷ്ടിക്കുന്നു. പൊതുവിപണി നോക്കാതെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള വിലനിയന്ത്രണാധികാരം എടുത്ത് കളയുന്നു, റേഷന്‍ കടകളെ നോക്ക് കുത്തിയാക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളെ തൂക്കിവില്‍ക്കാന്‍ ശ്രമിക്കുന്നു.  നിഷ്പക്ഷര്‍ ''ഹായ് ഹായ് '' വിളികളുമായി കൂടെ കൂടുന്നു. അവര്‍ക്കതെ അറിയൂ അവരതേ പഠിച്ചിട്ടുള്ളൂ..

ഏറ്റവുമൊടുവില്‍ ഇന്നലെ പാചകവാതകവില വരുന്ന ഓരോ മാസവും നാല് രൂപ വച്ച് വര്‍ദ്ധിപ്പിക്കുവാനും 2018 ഏപ്രില്‍ മുതല്‍ സബ്സിഡി ഇല്ലാത്ത നിലയിലേക്ക് പാചകവാതകവും കടക്കും. ഇതിനെതിരെ മഹിളാമോര്‍ച്ചയടക്കമുള്ളവരുടെ പൊള്ളയായ പ്രതിഷേധങ്ങള്‍ വാതകകുറ്റി ചുമന്നും മറ്റും ഉള്ളത് ഇപ്പോഴും നവമാധ്യമത്തില്‍ ഓടി കളിക്കുന്നുണ്ട്.

ഇവിടെ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഉണ്ടായിരുന്നു. നവലിബറല്‍ നയങ്ങളുടെ ഭാഗമായി ഈ കുത്തഴിഞ്ഞ നിലയിലേക്ക് കാര്യങ്ങളെത്തിച്ചതിലെ യഥാര്‍ത്ഥ പ്രതികള്‍ അവരാണ്. വര്‍ഗീയതയും കോണ്‍ഗ്രസും കൂടി ചേരുന്നിടത്ത് അത് സംഘപരിവാരമാകുന്നു. അവരെ സംബന്ധിച്ച് കണ്ണിലെ കരടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍.

ഫാസിസ്റ്റ് നവലിബറല്‍ നയവാദികളോട് സന്ധിചെയ്ത് പോകുന്നത് തൊഴിലാളി സമൂഹത്തിന് ചേര്‍ന്നതായിരിക്കില്ല. സര്‍ക്കാര്‍ ഇടപെടലുകള്‍ അവസാനിപ്പിച്ച് തൊഴില്‍ നയം മുതലാളിത്ത്വവര്‍ഗത്തിന് അടിയറവ് വയ്ക്കാനൊരുങ്ങുകയാണ് അണിയറയില്‍.

ബി ജെ പി നേതാക്കളുടെ ആസ്തിവിവരക്കണക്ക് പുറത്ത് വന്നപ്പോള്‍ ഉണ്ടായവര്‍ദ്ധനവ് സ്വാഭാവികം മാത്രം. കപടരാജ്യസ്നേഹം പറഞ്ഞ് മാതൃരാജ്യത്തെ വിറ്റഴിക്കുന്ന യഥാര്‍ത്ഥ ദേശദ്രോഹികളാണ് സംഘപരിവാര്‍. മാധ്യമരംഗത്തെ അഴിമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ മാധ്യമലോകം ഭരണവര്‍ഗത്തിന്റെയും മുതലാളിത്ത്വവര്‍ഗത്തിന്റെയും കൂടെനില്‍ക്കുന്പോഴാണ് ഒറ്റുകാരായ നിഷ്പക്ഷര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ നമ്മോടൊപ്പം ഒളിച്ച് നില്‍ക്കുന്നത്. ഭരണവര്‍ഗം വളരെ തന്ത്രപരമായി ഒറ്റുകാരായ നിഷ്പക്ഷര്‍ക്കൊപ്പം സൃഷ്ടിച്ചെടുത്ത ചില സ്വത്വവാദികളും തീവ്രവാദികളുമുണ്ട്. ഇരവാദമുഖം കെട്ടിയാടി മാനവികതയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഇത്തിള്‍ക്കണ്ണികളുമുണ്ട്.

ഇവയെല്ലാം മുന്നില്‍ കണ്ട് പ്രതിരോധത്തിന്റെ, പ്രതിഷേധത്തിന്റെ സമരമുഖങ്ങള്‍ തുറക്കേണ്ടതുണ്ട്. ഇവിടെ കൂടെ കൂട്ടുന്നവരെ പ്രതേകം സൂക്ഷിക്കേണ്ടതുണ്ട്. പ്രാദേശികതാത്പര്യം മാത്രം മുന്നില്‍ കാണുന്ന പ്രാദേശികപാര്‍ട്ടികളോടൊപ്പമല്ല മറിച്ച് ജനങ്ങളാവണം കൂടെയുണ്ടാവേണ്ടത്.

ഇതൊക്കെ പറഞ്ഞാലും മനസിലാക്കി കഴിഞ്ഞാലും പിന്നെയും.. ''ഞാനൊരു സംഘപരിവാറുകാരനല്ല, എന്നാലും...'' തുടരുക തന്നെ ചെയ്യും.