Pages

Tuesday, August 1, 2017

ഞാനൊരു സംഘപരിവാറുകാരനല്ല.. എന്നാലും

''ഞാനൊരു സംഘപരിവാറുകാരനല്ല, എന്നാലും...''

അങ്ങനെ അച്ഛേദിന്നിലെ #giveitup പരിപാടിക്ക് ഈ സാന്പത്തിക വര്‍ഷ വാര്‍ഷിക കണക്കെടുപ്പോട് കൂടി അന്ത്യമാവുന്നു. ഇവയെല്ലാം ഉദാരവത്കരണ നയസമീപനങ്ങളുടെ ഭാഗമായി വന്നെത്തിയ ദുരിതത്തിന്റെ ഭാഗം മാത്രമാണ്..

ഒരു പക്ഷേ ഫാസിസത്തെ മനസിലാക്കാതെ വര്‍ഗീയതയുടെ ചേരിത്തിരിവില്‍ പലര്‍ക്കും മനസിലാക്കാന്‍ കഴിയാതെ പോകുന്ന ഒന്നായി ഉദാരവത്കരണനയത്തിന്‍ മേല്‍ ഫാസിസ്റ്റ് ശക്തികള്‍ അടിച്ചേല്‍പ്പിക്കുന്ന പലതും.

ആദ്യം ചില വാഗ്ദാനം നല്‍കി. ഏവര്‍ക്കും ബാങ്ക് അക്കൗണ്ട്. എല്ലായിടത്തും വൈഫൈ, ഏല്ലായിടത്തും ശൗചാലയം, ഏവര്‍ക്കും വൈദ്യുതി, റോഡ്. ഉന്തിന്റിടയില്‍ തള്ളെന്ന പോലെ ഒക്കത്തിന് ആധാര്‍ കാര്‍ഡും.

ആധാറിനെ സംബന്ധിച്ച് കേസ് - ജനത്തിന്റെ സൗകാര്യത മൗലീകാവകാശം - സംബന്ധിച്ച് - സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നു. ആധാറിലെ വിവരങ്ങള്‍ പുറത്ത് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. രസകരമായ സംഭവം ''സംഘപരിവാര്‍ തത്പരര്‍'' (ഇവരെ ഇനി ഈ പോസ്റ്റില്‍ നിഷ്പക്ഷരെന്ന് വിളിക്കും) വളരെ ലഘുവായാണ് ഇക്കാര്യം കാണുന്നത്. അതിലെന്താ, ഓ ഇതൊക്കെ ആര്‍ക്ക് കൊടുത്താലെന്താ, മറ്റുള്ളിടങ്ങളില്‍ അതുണ്ട്. അവിടിത് കിട്ടും, ഇജ്ജാതി തട്ടാണ് നിഷ്പക്ഷവാദികളുടെ നിലപാട്. സത്യം പറയാലോ ഈ നിഷ്പക്ഷവാദികള്‍ കോണ്‍ഗ്രസ് ഭരിച്ച കാലത്ത് ഇതിനെ നൈസായി എതിര്‍ത്തതാണ് പിന്നെ സഖാവ് വി എസിന്റെ പ്രസ്താവന വന്നപ്പോള്‍ അന്നേ ആധാറിനൊപ്പമായി..

ഒരു മഴപെയ്തപ്പോള്‍ കുന്നിടിഞ്ഞ പോലെ തകര്‍ന്ന അഹമ്മദാബാദ് റോഡ് പോലെയാണ് എന്‍ ഡി എ സര്‍ക്കാര്‍. സമസ്ത മേഖലകളിലും അഴിമതി നടമാടുന്നുണ്ട്. പ്രാദേശികനേതൃത്വം മുതല്‍ ദേശീയനേതൃത്വം വരെ ഡിജിറ്റലൈസ്ഡ് അഴിമതി നടത്തുകയാണ്. കേരളത്തില്‍ നിന്നുള്ളത് മാത്രമാണ് പുറത്തറിഞ്ഞിട്ടുള്ളത്. ജസ്റ്റിസ് ലോധ പറഞ്ഞത് MCI ക്ക് കീഴില്‍ അനുമതി നല്‍കിയതില്‍ പോലും അന്വേഷണം വേണമെന്നാണ്. നിഷ്പക്ഷര്‍ പക്ഷേ വാ തുറക്കില്ല.

ഏവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ പദ്ധതി വന്‍ ബഹളമായിരുന്നു ആദ്യ ഘട്ടത്തില്‍. അതോടൊപ്പം സ്ത്രീകള്‍ക്ക് വായ്പാസൗകര്യവും. ഈ ജന്‍ധന്‍ അക്കൗണ്ടിന്റെ കണക്കെടുത്ത് പരിശോധിച്ചാല്‍ അക്കൗണ്ട് തനിയെ ക്ലോസാവാതിരിക്കാന്‍ പല ബാങ്കുകളും എന്താണ് ചെയ്തതെന്ന്  നിഷ്പക്ഷര്‍ അന്വേഷിക്കൂ.. എത്ര വായ്പ നല്‍കിയെന്നും അതിന്റെ തിരിച്ചടവ് എന്തായെന്നും. ഇന്നലെ എസ് ബി ഐ സേവിങ്ങ്സ് അക്കൗണ്ടുകള്‍ക്ക് പലിശനിരക്ക്. (നിക്ഷേപങ്ങള്‍ക്ക് 0.5 %) കുറച്ചിട്ടുണ്ട്. നാളെ നമ്മുടെ സന്പാദ്യം സൂക്ഷിക്കുന്നതിന് ബാങ്ക് ചാര്‍ജ് ഈടാക്കുമെന്നതില്‍ മറിച്ചൊരു ചിന്ത ഉണ്ടാവേണ്ടതില്ല. ഇത് സംഭവ്യമല്ലെന്ന് ചിന്തിക്കുന്നവര്‍ നോട്ട് നിരോധനത്തില്‍ സഖാവ് തോമസ് ഐസക്കിനെതിരെ നിലവിളിച്ചത് പോലെ തന്നെയാകും എന്നേ പറയാനുള്ളൂ.

പെട്രോള്‍ ഡീസല്‍ വിലയുടെ നിയന്തണാധികാരം കന്പനികള്‍ക്ക് നല്‍കിയതും പോരാതെ ദിവസേന വില മാറ്റാനുള്ള നയം പ്രതീക്ഷിച്ചതാണ്. നവലിബറല്‍ നയങ്ങളുടെ തുടക്കത്തില്‍ തന്നെ പെട്രോളിയം സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ ആരംഭിച്ചതില്‍ നിന്ന് തുടങ്ങി വിലനിയന്ത്രണ അധികാരം സര്‍ക്കാരില്‍ നിന്ന് കന്പനികള്‍ക്ക് നല്‍കി യു പി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എപ്പോള്‍ വേണമെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തോ എന്ന നിലപാട് കൊണ്ട് വന്നതിനുമൊക്കെ പിറകില്‍ ജനവിരുദ്ധതയുടെ അപ്പോസ്തലന്മാരാണ്. നിഷ്പക്കര്‍ പക്ഷേ ഇതൊന്നും അറിഞ്ഞിട്ടും അറിഞ്ഞിട്ടെയില്ല.

ലോകത്ത് അസമത്വം വര്‍ദ്ധിച്ച രാജ്യങ്ങളുടെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് കുറച്ച് നാള്‍ മുന്നേ വരികയുണ്ടായി. ഞെട്ടിക്കുന്ന കണക്കുകളായിരുന്നു. സാന്പത്തികശാസ്ത്രത്തില്‍ Pareto Optimal theory എന്നൊന്നുണ്ട്. അത് പറയുന്നത്. It is a state of economic efficiency where one cannot be made better off by making someone worse. സാന്പത്തിക കാര്യക്ഷമത എന്നത് ഒരാള്‍ക്ക് നന്നാവാന്‍ മറ്റൊരാള്‍ മോശമാവേണ്ടത് അനിവാര്യമാണ് എന്നാണ്. ഇവിടെ മുതലാളിത്തവര്‍ഗം മധ്യവര്‍ഗത്തെയും തൊഴിലാളി സമൂഹത്തെയും ചവിട്ടിമെതിക്കാന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്ന അവസ്ഥയാണ്. പക്ഷേ നമ്മുടെ നിഷ്പക്ഷ സമൂഹം ഈ പറയുന്ന വരേണ്യവര്‍ഗത്തിലേക്ക് കടക്കാന്‍ കൂടെയുള്ളവരെ ഒറ്റുകയും മുതലാളിത്ത്വവര്‍ഗത്തിനും ഭരണകൂടത്തിനും കുഴലൂത്ത് നടത്തുകയുമാണ്. നാളെ അവരെ തേടിയെത്താന്‍ പോകുന്ന കെടുതികളെ കാണാന്‍ അവര്‍ തയ്യാറല്ല കാരണം മധ്യവര്‍ഗത്തിലെ നിഷ്പക്ഷരെ സംബന്ധിച്ച് തൊഴിലാളി വര്‍ഗവും പ്രസ്ഥാനങ്ങളും തീണ്ടാപാടകലെ നിര്‍ത്താനുള്ളതാണ്.

അവര്‍ നോട്ട് നിരോധനം നടത്തി, ബാങ്ക് ലയിപ്പിച്ചു, വര്‍ഗീയ സപര്‍ദ്ധ സൃഷ്ടിക്കുന്നു. പൊതുവിപണി നോക്കാതെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള വിലനിയന്ത്രണാധികാരം എടുത്ത് കളയുന്നു, റേഷന്‍ കടകളെ നോക്ക് കുത്തിയാക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളെ തൂക്കിവില്‍ക്കാന്‍ ശ്രമിക്കുന്നു.  നിഷ്പക്ഷര്‍ ''ഹായ് ഹായ് '' വിളികളുമായി കൂടെ കൂടുന്നു. അവര്‍ക്കതെ അറിയൂ അവരതേ പഠിച്ചിട്ടുള്ളൂ..

ഏറ്റവുമൊടുവില്‍ ഇന്നലെ പാചകവാതകവില വരുന്ന ഓരോ മാസവും നാല് രൂപ വച്ച് വര്‍ദ്ധിപ്പിക്കുവാനും 2018 ഏപ്രില്‍ മുതല്‍ സബ്സിഡി ഇല്ലാത്ത നിലയിലേക്ക് പാചകവാതകവും കടക്കും. ഇതിനെതിരെ മഹിളാമോര്‍ച്ചയടക്കമുള്ളവരുടെ പൊള്ളയായ പ്രതിഷേധങ്ങള്‍ വാതകകുറ്റി ചുമന്നും മറ്റും ഉള്ളത് ഇപ്പോഴും നവമാധ്യമത്തില്‍ ഓടി കളിക്കുന്നുണ്ട്.

ഇവിടെ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഉണ്ടായിരുന്നു. നവലിബറല്‍ നയങ്ങളുടെ ഭാഗമായി ഈ കുത്തഴിഞ്ഞ നിലയിലേക്ക് കാര്യങ്ങളെത്തിച്ചതിലെ യഥാര്‍ത്ഥ പ്രതികള്‍ അവരാണ്. വര്‍ഗീയതയും കോണ്‍ഗ്രസും കൂടി ചേരുന്നിടത്ത് അത് സംഘപരിവാരമാകുന്നു. അവരെ സംബന്ധിച്ച് കണ്ണിലെ കരടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍.

ഫാസിസ്റ്റ് നവലിബറല്‍ നയവാദികളോട് സന്ധിചെയ്ത് പോകുന്നത് തൊഴിലാളി സമൂഹത്തിന് ചേര്‍ന്നതായിരിക്കില്ല. സര്‍ക്കാര്‍ ഇടപെടലുകള്‍ അവസാനിപ്പിച്ച് തൊഴില്‍ നയം മുതലാളിത്ത്വവര്‍ഗത്തിന് അടിയറവ് വയ്ക്കാനൊരുങ്ങുകയാണ് അണിയറയില്‍.

ബി ജെ പി നേതാക്കളുടെ ആസ്തിവിവരക്കണക്ക് പുറത്ത് വന്നപ്പോള്‍ ഉണ്ടായവര്‍ദ്ധനവ് സ്വാഭാവികം മാത്രം. കപടരാജ്യസ്നേഹം പറഞ്ഞ് മാതൃരാജ്യത്തെ വിറ്റഴിക്കുന്ന യഥാര്‍ത്ഥ ദേശദ്രോഹികളാണ് സംഘപരിവാര്‍. മാധ്യമരംഗത്തെ അഴിമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ മാധ്യമലോകം ഭരണവര്‍ഗത്തിന്റെയും മുതലാളിത്ത്വവര്‍ഗത്തിന്റെയും കൂടെനില്‍ക്കുന്പോഴാണ് ഒറ്റുകാരായ നിഷ്പക്ഷര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ നമ്മോടൊപ്പം ഒളിച്ച് നില്‍ക്കുന്നത്. ഭരണവര്‍ഗം വളരെ തന്ത്രപരമായി ഒറ്റുകാരായ നിഷ്പക്ഷര്‍ക്കൊപ്പം സൃഷ്ടിച്ചെടുത്ത ചില സ്വത്വവാദികളും തീവ്രവാദികളുമുണ്ട്. ഇരവാദമുഖം കെട്ടിയാടി മാനവികതയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഇത്തിള്‍ക്കണ്ണികളുമുണ്ട്.

ഇവയെല്ലാം മുന്നില്‍ കണ്ട് പ്രതിരോധത്തിന്റെ, പ്രതിഷേധത്തിന്റെ സമരമുഖങ്ങള്‍ തുറക്കേണ്ടതുണ്ട്. ഇവിടെ കൂടെ കൂട്ടുന്നവരെ പ്രതേകം സൂക്ഷിക്കേണ്ടതുണ്ട്. പ്രാദേശികതാത്പര്യം മാത്രം മുന്നില്‍ കാണുന്ന പ്രാദേശികപാര്‍ട്ടികളോടൊപ്പമല്ല മറിച്ച് ജനങ്ങളാവണം കൂടെയുണ്ടാവേണ്ടത്.

ഇതൊക്കെ പറഞ്ഞാലും മനസിലാക്കി കഴിഞ്ഞാലും പിന്നെയും.. ''ഞാനൊരു സംഘപരിവാറുകാരനല്ല, എന്നാലും...'' തുടരുക തന്നെ ചെയ്യും.

No comments: