Pages

Wednesday, August 16, 2017

കേരളം ബോധവത്കരിക്കണം..

മരണക്കളിയില്‍ ആശങ്ക ഒഴിവാക്കാന്‍ ജനപ്രതിനിധികളും യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും അദ്ധ്യാപകരും കൈകോര്‍ക്കണം..

നവമാധ്യമരംഗത്ത് കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയനേതൃത്വവും യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും നേരത്തെക്കാളേറെ സജീവമാണ്..ജില്ലാ ഭരണകൂടനേതൃത്വത്തിലുള്ളവരും സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും എന്ന് വേണ്ട സമസ്തമേഖലയിലുള്ളവരും സജീവമായ സ്ഥലമാണ് നവമാധ്യമങ്ങള്‍. വാട്ട്സാപ്പ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റാഗ്രാം തുടങ്ങി പലതും ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉള്ളിടങ്ങളില്‍ ഉണ്ടാവുകയാണ്...

അഞ്ച് വയസുകാരന്റെ കളിപ്പാട്ടമായി മൊബൈല്‍ മാറുന്പോള്‍ അവനോ അവളോ (ആ കുഞ്ഞ്) അതില്‍ ആകൃഷ്ടരാകുന്നു. ഈയിടയ്ക്ക് പ്രചരിച്ച ഒരു വാട്ട്സാപ്പ് വീഡിയോ ഓര്‍മവരുന്നു. അതില്‍ ഒരു കുഞ്ഞ് ഫോണിലൂടെ വലിയവര്‍ സംസാരിക്കുന്നത് അനുകരിക്കുന്നു.. വാക്കുകളുടെ അര്‍ത്ഥം അറിഞ്ഞിട്ടാണോ അല്ലയോ എന്നത് വിഷയമാണ്. ആരോട് എന്ത് എങ്ങനെ സംസാരിക്കണം എന്നുള്ളത് പഠിപ്പിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിക്കണം.. ശാസിക്കാന്‍ പറ്റുന്ന അവസരത്തില്‍ ശാസിച്ചാല്‍ വലിയവായിലുള്ള ശാസന പിന്നീട് ഒഴിവാക്കാം. ആ കുട്ടിയുടെ തെറ്റിലേക്ക് പോകുന്നില്ല. പകരം അതിലെ തെറ്റുകാര്‍ ആ കുട്ടിയെ കൊണ്ട് അത്തരം വര്‍ത്തമാനം പറയിച്ചവരാണ്. ഇവിടെ ചെറിയൊരു മനശാസ്ത്രം ഉണ്ട്.

''children are like wet cement, whatever falls on them make an impression." അവരുടെ ഉള്ളിലേക്ക് പലതും പതിഞ്ഞ് പോകും. അത്തരത്തിലൊന്നായി ''നമ്മുടെ'' ഭാഷയും ശൈലിയും വരും. സ്വയം വിമര്‍ശനപരമായി തന്നെ പറഞ്ഞാല്‍ ഞാനടക്കം അത് പലതിന്റെയും പേരില്‍ കണ്ണടയ്ക്കുന്നു.

ഇന്ന് കന്പ്യൂട്ടറും മൊബൈലും ഇന്റര്‍നെറ്റ് സൗകര്യവും യാതൊരു ബുദ്ധിമുട്ടും കൂടാതെ ഏവരിലേക്കും എത്തുന്നു. സേവനദാതാക്കളുടെ മത്സരമാണിന്ന്.. 2Gയും 3G യും കഴിഞ്ഞ് 4G കാലഘട്ടത്തിലാണ് നാമിന്ന്. കുട്ടികള്‍ ഒന്നാം ക്ലാസില്‍ കന്പ്യൂട്ടര്‍ ക്ലാസ് കൊടുക്കാനുള്ള പാച്ചിലിലാണ് അച്ഛനമ്മമാര്‍. അവരുടെ തെറ്റൊന്നുമിതില്ലില്ല. കാരണം ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയാലേ പഠിക്കാന്‍ സീറ്റുള്ളൂ. കുട്ടികള്‍ ഒതുങ്ങുകയാണ്.. പഠനത്തിലേക്ക്.. കളിക്കാന്‍ നേരമില്ല. ഓട്ടമാണ് പഠനത്തിന്റെ ഓട്ടം. ട്യൂഷന്‍ ക്ലാസുകളില്‍ നിന്ന് ട്യൂഷന്‍ ക്ലാസുകളിലേക്ക്..

അവിടെയാണ് അവര്‍ക്ക് കിട്ടുന്ന എന്തേലും ഒന്ന് അവരുടെ ചിന്തകളിലേക്ക് കടക്കുന്നത്. വീട്ടില്‍ വന്നാല്‍ ഹോംവര്‍ക്ക്.. സ്കൂളില്‍ ചെന്നാല്‍ ക്ലാസ് ടെസ്റ്റ്. മാനസികസമ്മര്‍ദ്ദം കുഞ്ഞുങ്ങളില്‍ നമ്മേക്കാള്‍ ഏറെയാണ്. അതിന്റിടയ്ക്കാണ് അവരെ മറ്റുള്ളവരുമായി ചേര്‍ത്തുള്ള താരതമ്യം ചെയ്യല്‍. പരിഹാസം. ഇവ സൃഷ്ടിക്കുന്നത് ആ കുഞ്ഞുമനസുകളില്‍ വെറുപ്പ് ദേഷ്യം ഒറ്റപ്പെടല്‍ എന്നിവയും.

വൈകുന്നേരം മൊബൈലില്‍ കുത്തുന്ന അച്ഛനെയും ടി വിക്ക് മുന്നില്‍ സീരിയലിലും റിയാലിറ്റി ഷോയിലും തത്പരയായ അമ്മയെയും. ന്യൂക്ലിയര്‍ കുടുംബത്തിലെ കുട്ടികള്‍ ഒറ്റപെടാനും അവന്റെ കൂട്ടിന് അച്ഛനും അമ്മയും ഒരുക്കി കൊടുത്ത മൊബൈലിലെക്കോ ലാപ്പ്ടോപ്പിലേക്കോ മാറും. അവന്‍ അതവരോട് ആവശ്യപെടുന്നതാവാം അവരത് നേടി കൊടുക്കുകയും ചെയ്തതാവാം. കാരണം അവന്‍ അവരുടെ മകനോ മകളോ ആണല്ലോ.. തെറ്റായവഴിയില്‍ പോകില്ലെന്ന ചിന്ത..

ഇവിടെ അവന്‍ അവന്റെ സുഹൃത്തായ കന്പ്യൂട്ടറും മൊബൈലിലും ചങ്ങാത്തതിലേര്‍പ്പെടുന്നു. നല്ലത് തന്നെ പക്ഷേ മകന്‍ അതില്‍ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാനും എന്താണ് ബ്രൗസ് ചെയ്യുന്നതെന്നും രക്ഷകര്‍ത്താക്കള്‍ക്ക് അറിയാന്‍ ഉത്തരവാദിത്ത്വമുണ്ടാവണം അതവരുടെ കടമയുമാണ്.

ശാസ്ത്രസാങ്കേതിക വളര്‍ച്ചയോടൊപ്പം തന്നെ പല ചതിക്കുഴികളും അതോടൊപ്പം ഉണ്ടായിരിക്കുന്നു..അതിന്റെ ഭാഗമെന്നോണം ഒറ്റപ്പെട്ട പിള്ളമനസുകള്‍ ഈ ചതിക്കുഴികളിലേക്ക് വീണ് പോകാം. അവിടെ അവര്‍ക്കാശ്വാസമായി ആരാണ് വരുന്നതെന്നോ എങ്ങനെയാണ് വരുന്നതെന്നോ പറയാന്‍ സാധിക്കില്ല.

പുറത്ത് വരുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ഒരു രീതിയില്‍ ഭീതിജനകമാണ്. ഒരു പക്ഷേ കേരളമുഖ്യമന്ത്രിയുടെ ഇടപെടലിനെ കൂട്ടി ചേര്‍ത്ത് വായിക്കുന്പോള്‍ കാര്യങ്ങള്‍ അത്ര നിസാരവത്കരിച്ച് കാണാന്‍ സാധിക്കുകയുമില്ല. മരണക്കളിയുടെ വ്യാപനം അതീവ ഗുരുതര പ്രശ്നങ്ങള്‍ ഉളവാക്കുന്നതാണെന്ന് തീര്‍ച്ച. മൊബൈലില്‍ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും കിട്ടാത്തത് എങ്ങനെ വ്യാപിക്കുന്നു എങ്ങനെ മാധ്യമങ്ങളിലേക്ക് എത്തി എന്നത് ചിന്തിക്കേണ്ടതാണ്. അത് തടയാന്‍ എന്തൊക്കെ വേണമെന്നുള്ളതിനും..

ആ മരണക്കളിയുടെ പേരും മറ്റും ഉപയോഗിക്കാതിരിക്കുന്നത് തന്നെയാണ് ആദ്യ മാര്‍ഗം എന്ന് തോന്നുന്നു. അത് എത്രമേല്‍ ശരിയായിരിക്കാം എന്നെനിക്ക് ഉറപ്പില്ല എങ്കിലും ആന്റിവൈറസ് മേഖലയിലെ പരിചയം വെച്ച് പറയട്ടെ. നമ്മുടെ ഓരോ സിസ്റ്റത്തിനും Mac idയും ipയും unique ആണ്. ഇങ്ങനെയുള്ള സമയത്ത് നമ്മുടെ ചില search ചെയ്യുന്ന വാക്കുകള്‍ ഇത്തരം ''മരണക്കളികളുടെ സെര്‍വറു''കളിലേക്ക് നമ്മുടെ സെര്‍ച്ചുകള്‍ എത്തിക്കാം. ഇത് ശരിയാണെന്ന വാദമൊന്നും ഞാന്‍ മുന്നോട്ട് വയ്ക്കുന്നില്ല. പക്ഷേ മാല്‍വെയറുകള്‍ പലപ്പോഴും സിസ്റ്റത്തിലേക്ക് കടക്കുന്നത് ഇത്തരം പഴുതുകളിലൂടെയാണ്. Vulnerability എന്ന് വിളിക്കും.

രണ്ട് ഒരാളുടെ കയ്യിലേക്ക് (മൊബൈലില്‍) വന്നാല്‍ ആളുടെ സുഹൃദ് ബന്ധങ്ങള്‍ അവരുടെ ഫോണ്‍ലിസ്റ്റിലുണ്ടാകും. സമാനമനസ്കരെ അത് കൊണ്ട് തന്നെ ഇത്തരം സെര്‍വറുകള്‍ പെട്ടെന്ന് കണ്ടെത്താന്‍ ശ്രമിക്കും. ഒരു പക്ഷേ ഇത് വെറുമൊരു സെര്‍വറാകാമെന്നില്ല ഒരു കൂട്ടം ഉണ്ടാവാം..

എനിക്ക് തോന്നിയ പ്രതിവിധി...

1. നിങ്ങളുടെ കുട്ടികള്‍, സഹോദരങ്ങള്‍ ആരായാലും അവര്‍ ഇത്തരം അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് അവരോട് ചോദിക്കേണ്ട രീതിയില്‍ ചോദിക്കുക. അതിന് ആദ്യം അവരോടൊപ്പം ഇരിക്കണം. ഇവിടെ ഒന്ന് മനസിലാക്കുക.. ഭേദ്യം ചെയ്യുന്നത് കൊണ്ട് കാര്യമുണ്ടാവില്ല. കാരണം കുട്ടിയുടെ മനസുമായിട്ടുള്ള നിങ്ങളുടെ മനസ് വേണം ആദ്യം ഇണങ്ങാന്‍.

2. മൊബൈല്‍ സിം ഒഴിവാക്കുക.
3. മൊബൈല്‍ ഫോണ്‍ ഒഴിവാക്കുക.

കാരണം നാളെ ഇവന്‍ മറ്റൊരു ഫോണില്‍ സിം ഇട്ടാലും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകാം ഫോണിലെ സിം മാറ്റിയാലും മാക് ഐ ഡി വഴി നിര്‍ദ്ദേശങ്ങള്‍ വരാം.

4. കുട്ടികളുടെ ശൈലിയില്‍ പൊതുവേയുള്ളതില്‍ നിന്ന് വിഭിന്നമായി (മൊബൈല്‍ ഫോണുള്ളവര്‍ അല്ലേല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍) സ്വഭാവത്തില്‍ വ്യത്യാസം കണ്ടാല്‍ കുട്ടിയെ ആദ്യം രക്ഷകര്‍ത്താക്കള്‍ അല്ലേല്‍ അദ്ധ്യാപകര്‍ കൗണ്‍സലിങ്ങ് നല്‍കുക. സെന്ററുകളില്‍ പോകുന്നതിന് മുന്നേ രക്ഷകര്‍ത്താക്കളോ അദ്ധ്യാപകരോ ചെയ്യുക.

5. കലാ - കായിക വിനോദങ്ങള്‍ക്ക് കുട്ടികളെ പറഞ്ഞയയ്ക്കാന്‍ ശ്രദ്ധിക്കുക. അടച്ചിട്ട് വളര്‍ത്താതെ പ്രൈവറ്റ് ബസിലും മറ്റും സ്കൂളില്‍ ആറാം ക്ലാസ് തൊട്ടെങ്കിലും വിടുക.

ദയവ് ചെയ്ത് സീരിയലുകളും റിയാലിറ്റി ഷോകളും കാണാതെ അവരോടൊപ്പം ഇരുന്ന് പണ്ട് നിങ്ങള്‍ക്ക് ആരേലും ഒക്കെ പറഞ്ഞ് തന്ന കഥകളോ പണ്ട് പഠിച്ചതോ ആയ നല്ലകഥകളും കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുക.

ഇതിലെ ഏറെറവും വലിയ വിഷയം ഇതൊരു മനശാസ്ത്രപരമായ സാങ്കേതികവിദ്യയുടെ ദുരുപയോഗമാണ്.

രാഷ്ട്രീയ നേതൃത്വങ്ങളും യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഇതിനെ ഉള്‍കൊണ്ട്, നിങ്ങളുടെ സജീവ പ്രവര്‍ത്തകരെ വച്ച് ഈ സാമൂഹികവിപത്തിനെതിരെ ബോധവത്കരണം നടത്താന്‍ തയ്യാറാവണം.

(ഇത് എന്റെ ഈ വിഷയത്തിലെ ചിന്തകളാണ്. എന്റെ ഈ അഭിപ്രായം പൂര്‍ണ്ണമായും ശരിയാണെന്ന വാദമൊന്നുമില്ല. എന്നാല്‍ അപ്പാടെ തെറ്റാണെന്നും തോന്നുന്നില്ല.. ആരെയും കുറ്റപെടുത്താനോ അല്ല. )

No comments: