Pages

Tuesday, March 31, 2015

ഇന്ത്യവിഷന്‍ - എന്ത് ചെയാന്‍ സാധിക്കും...



ഇന്നലെ വൈകുന്നേരത്തോടെ ഇന്ത്യവിഷന്‍ എന്ന ചാനല്‍ അടച്ചുപൂട്ടി..

മലയാളത്തിലെ ഒരു വാര്‍ത്തചാനലിനു ഇത്തരം  ഒരു അവസ്ഥയിലേക്ക് എത്തിച്ചത് എന്താണെന്നോ അതിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി വിഷയങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണത വരുത്തിയത്  കൊണ്ടോ കാര്യമുണ്ടോ എന്ന് തോന്നുന്നില്ല. മാനേജ്‌മന്റ്‌ പിടിപ്പുക്കേടിനു വിലകൊടുക്കേണ്ടി വന്നത് ഒരു ചാനലിനെയാണ്.  കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് ഇന്ത്യാവിഷന് ഉണ്ടായ ഇത്തരം ഒരു അവസ്ഥ..

കെടുകാര്യസ്ഥത മൂലം അടച്ചുപൂട്ടേണ്ടി വന്ന ഇന്ത്യവിഷന്‍ എന്ന ചാനലിനു എതിരെ പലരും പലതും പറയുന്നത് കെട്ടു.. അതിലൊന്ന് അത്മീയവ്യാപരിയായവരെ കുറിച്ചുള്ളതാണ്.. എന്തായാലും അത്തരം ഒരു നിലപാട് സ്വീകരിക്കുക വഴി.. അത് ഉന്നയിക്കുന്നവര്‍ സമൂഹത്തില്‍ എത്രത്തോളം ചെറുതാക്കാമോ അത് ആയി എന്നത് മാത്രമെ പറയാനുള്ളൂ..

മറ്റൊന്ന് മുസ്ലിം ലീഗിന് വേണ്ടാതെ ആയി ഈ ചാനലിനെ എന്നുള്ളത് ആണ്. ഒരു സ്ഥാപനത്തെ നശിപ്പിക്കാന്‍ ഇറങ്ങിതിരിക്കാന്‍ ഉള്ള മനസ്ഥിതിയിലേക്ക് ഓരോ പ്രസ്ഥാനങ്ങള്‍ വളര്‍ന്നാല്‍ അത്തരം ഒരു നിലപാടിനെ എതിര്‍ക്കേണ്ടി വരും..

ഇവിടെ വിഷയം കെടുകാര്യസ്ഥതയോ ഒന്നുമല്ല എന്നെ സംബന്ധിച്ച്.. ഒന്ന് അവിടെ തൊഴില്‍ നോക്കിയിരുന്ന തൊഴിലാളികളുടെ അവസ്ഥ.. രണ്ടു ഇന്ത്യന്‍ മാധ്യമരംഗം കൈപിടിയിലോതുക്കാന്‍ ഉതകുന്ന രീതിയില്‍ കോര്‍പ്പറേറ്റ് മനസ്ഥിതി.. ഇവരണ്ടുമാണ് എനിക്ക് ചര്‍ച്ചക്ക് വെയ്ക്കാനുള്ളത്..

വളരേയധികം പ്രതീക്ഷകളോടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്ന ജീവനക്കാര്‍ക്ക് അവരുടെ അന്നം മുടങ്ങുന്ന രീതിയില്‍ ഒരു സ്ഥാപനം അടച്ചു പൂട്ടേണ്ടി വരുമ്പോള്‍ അവര്‍ക്ക് നഷ്ടമാകുന്നത് അവര്‍ സ്വയാത്തമാകിയ അവരുടെ കഴിവുകളെയാണ്.. ഏതൊരു തൊഴില്‍ സ്ഥാപനം ആയാലും അത് അടച്ചുപൂട്ടലിന്റെ അവസ്ഥയിലേക്ക് പോകുമ്പോള്‍ മാനസികമായ സംഘര്‍ഷങ്ങളില്‍ അലയുന്നത് ജീവനക്കാരുടെ മനസാണ്.. മറ്റൊരു തൊഴില്‍ സ്ഥാപനത്തിലേക്ക് ഉള്ള പറിച്ചുമാറ്റല്‍, അവിടെ അടച്ചുപൂട്ടപ്പെട്ട കമ്പനിയില്‍ നിന്ന് വരുന്നു എന്നുള്ള പേര്.. ഇവയൊക്കെ ഒരു പക്ഷെ തൊഴിലാളികളില്‍ വിഷമതകള്‍ക്കു കാരണമാക്കാം.. പുറത്തു കുറെ അധികം ചാനല്‍ ഇന്നുള്ളത് കൊണ്ട് തന്നെ മറ്റൊരു തൊഴില്‍ എന്ന് പറയുന്നത് ലഭ്യമാക്കാന്‍ പ്രയാസമില്ല.. എന്നാല്‍ അത് മാത്രം ആണോ എല്ലാം എന്നുള്ളത് ചിന്തിക്കേണ്ടി ഇരിക്കുന്നു.. ഓരോ തൊഴില്‍ സംസ്കാരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതും ആയി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ നിന്ന് അടര്‍ത്തിയെടുത്ത് മറ്റൊരു സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ അവരുടെ കഴിവിന്‍റെ പൂര്‍ണത എത്രത്തോളം ലഭ്യമാക്കാന്‍ സാധിക്കും എന്നുള്ളത് ചിന്തനീയമാണ്....

ഇതേ സമയത്താണ് ഇന്ത്യയില്‍ വാര്‍ത്താവിനിമയരംഗത്തേക്ക് വന്‍ കുത്തകകളുടെ കടന്നു വരവ്.ടി വി 18 എന്ന ശൃംഖല കരസ്ഥമാക്കി റിലയന്‍സ് അതിന്‍റെ മാധ്യമരംഗത്തേക്കുള്ള കടന്നു വരവ് അറിയിച്ചു കഴിഞ്ഞു.. വിദേശ മാധ്യമ ശൃംഖല കടന്നു വന്നിട്ട് കുറച്ചു നാളുകളായി.. ഇനിയിപ്പോള്‍ കുത്തകകള്‍ കൂടി മാധ്യമലോകത്തേക്ക് കടന്നു കയറുമ്പോള്‍, വരാനിരിക്കുന്ന ആപത്തു മുന്‍കൂട്ടി കാണാന്‍ പൊതുജനം തയ്യാറാകണം. മുതലാളിത്തഅജണ്ട നടപ്പിലാക്കാന്‍ വേണ്ടി മുതലാളികള്‍ക്കായി തയ്യാറാക്കപ്പെടുന്ന വാര്‍ത്ത‍ചാനലുകള്‍ ജനങ്ങളുടെ താത്പര്യം ആണോ അതോ അവരവരുടെ താത്പര്യം ആണോ സംരക്ഷിക്കുക എന്നുള്ളത് സ്വാഭാവികമായി ചിന്തിക്കാവുന്നതാണ്..

ഇതിനുള്ള പോംവഴികണ്ടെത്താതെ കുറ്റംപറഞ്ഞു കൊണ്ട് പോകുന്നത് എത്ര കണ്ടു ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.. ഇവിടെ തൊഴില്‍ നഷ്ടപെട്ടവര്‍ക്കുള്ള തൊഴില്‍ നല്‍ക്കുക എന്നതിനേക്കാള്‍ ഈ ഒരു സ്ഥാപനം നിലനിര്‍ത്താന്‍ പൊതുജനം ഇടപെടണം.. അല്ലെങ്കില്‍ പൊതുജനത്തിന് ലഭ്യമാക്കാന്‍ പോകുന്നത് വന്‍കുത്തകകളെ ആനയിച്ചു തങ്ങളുടെ സ്വീകരണമുറിയിലിരുത്താം എന്ന് മാത്രമാണ്.. തൊഴിലിനു വേണ്ടി ജോലി എടുക്കേണ്ടി വരുന്നവര്‍ക്ക് വരുമാനം ആര് നല്‍കുന്നു എന്നുള്ളത് മാത്രം ആണ് പ്രാധാന്യം.

ശക്തമായ ഒരു മാനേജ്‌മന്റ്‌ ഉണ്ടാവുക എന്നുള്ളതാണ് ഇന്ത്യവിഷന്‍ ആദ്യം ചെയ്യേണ്ടത്. പൊതുജനസമക്ഷം ഇന്നും നല്ല മതിപ്പ് നിലനില്‍ക്കുന്ന ഈ ചാനലിനു ഒരു പുതു ജീവന്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..


Saturday, March 21, 2015

സൃഷ്ടിക്കപ്പെടുന്ന വ്യക്തിത്വങ്ങള്‍..... തമസ്കരിക്കപ്പെടുന്ന സത്യവും...


വാര്‍ത്തകളുടെ ഉള്ളറകളിലേക്ക്.....

ഇന്ത്യന്‍മാധ്യമചരിത്രത്തില്‍ തന്നെ ഏറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ വരുന്നത് ദൃശ്യ-പത്ര മാധ്യമങ്ങള്‍ മാത്രമല്ലെന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ... ഇന്നിപ്പോള്‍ ഇവരണ്ടിലേക്കും ഒതുങ്ങിയിരിക്കുന്നത് കൊണ്ട് നാം ഇവരിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു..

അനേകായിരം വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യന്‍ സംസ്കാരത്തിനു എന്നും തുണയായിരുന്നു മാധ്യമങ്ങള്‍..  ഒരു പക്ഷെ ഇത്രമേല്‍ ഒരു ജനതയ്ക്ക് അവരുടെ യഥാര്‍ത്ഥ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കലാസംസ്കാരിക മാധ്യമപ്രവര്‍ത്തനം വഹിച്ച പങ്കു തള്ളികളയാന്‍ സാധിക്കില്ല.ഒരു ജനതയ്ക്ക് അവര്‍ക്ക് മനസിലാവുന്ന രീതിയില്‍ അവരുടെ ഇടയിലേക്ക് വാര്‍ത്തകള്‍എത്തിക്കാന്‍ കഴിഞ്ഞിരുന്ന സാമൂഹിക കലാസ്രിഷ്ടികളായി നാടകവും കഥാപ്രസംഗവും തെരുവ് നാടകങ്ങളും എല്ലാം.. അത് കൊണ്ട് തന്നെ തെരുവ് നാടകവേദിയൊരുക്കി വീരമൃത്യു ഏറ്റു വാങ്ങിയ സഫ്ദര്‍ ഹാഷ്മി, കഥാ ലോകത്തെ മലയാള മാന്ത്രികന്‍ സാംബശിവന്‍, നാടകവേദികള്‍ ഒരുക്കി കേരളത്തില്‍ കഥ പറഞ്ഞ കേരളത്തിലെ അനേകം നാടകട്രൂപ്പുകള്‍.. നാടന്‍പാട്ടില്‍ കഥകള്‍ ചൊല്ലിയിരുന്ന നാട്ടുകൂട്ടങ്ങള്‍.. പലപ്പോഴും നിഷേധിക്കപ്പെടുന്ന അവകാശങ്ങളുകളുടെ പോരാട്ടത്തിനു ജനത്തെ ബോധവത്കരിക്കാന്‍ ഇവയൊക്കെ ഒരുക്കിയ പങ്കു വിസ്മരിക്കാനാക്കില്ല..

ഇവയൊക്കെ അന്ന് കല എന്ന ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്‍ക്കാതെ ജനങ്ങളുമായി സംവാദിച്ചു ജനത്തെ ബോധവാന്മാരാക്കി അവരുടെ അവകാശങ്ങളെ അവരിലേക്ക്‌ എത്തിച്ചു കര്‍മനിരതരാക്കാന്‍ ശ്രമം നടത്തി എന്നത് വാസ്തവം... ഇതേ സമയത്ത് തന്നെയാണ് സിനിമ എന്ന മേഖലയിലും സാഹിത്യമേഖലയിലും സാമൂഹികചിന്തകള്‍ ഏറെ വളര്‍ന്നത്‌ എന്ന് പറയാതെ വയ്യ. സാഹിത്യമേഖലയില്‍ ചിന്തകള്‍ക്ക് കടിഞ്ഞാന്‍ ഇടാതെ,  വസ്തുതപരമായി, വിമര്‍ശനബുദ്ധിയാല്‍ പലരും വിമര്‍ശിക്കപ്പെട്ടു.. സിനിമകള്‍ക്ക് മേല്‍ ആധികാരികത ഒരു പക്ഷെ നാടകകളരികള്‍ക്ക് നാട്ടിന്‍പ്രദേശങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടായിരുന്ന കാലഘട്ടം.. അതായിരുന്നു കഴിഞ്ഞു പോയ കാലം...

ഇവയ്ക്കു മുന്നെ മറ്റൊരു കേളികൊട്ടായി സാമൂഹികമാധ്യമമായത് തുള്ളല്‍പ്രസ്ഥാനം ആയിരുന്നു. അവയെ അങ്ങനെ പൂര്‍ണമായും വിളിക്കാന്‍ സാധിക്കില്ല എങ്കിലും കുഞ്ചന്‍ നമ്പ്യാര്‍ ജനത്തിന് മനസിലാവുന്ന ഭാഷയില്‍ അവതരപ്പിച്ച കലാരൂപം പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വ്യവസ്ഥിതിക്ക് നേരെ വിരല്‍ ചൂണ്ടിയിരുന്നു.. സാമൂഹികവിമര്‍ശനങ്ങളെ പോലും ഓട്ടംതുള്ളല്‍ ആക്ഷേപഹാസ്യരൂപേണെ അവതരിപ്പിച്ചിരുന്നു എന്നത് ചരിത്രം...ഇവയെല്ലാം ഒരു പക്ഷെ സാമൂഹികമാധ്യമങ്ങളുടെ മുന്‍തലമുറ എന്ന് വേണമെങ്കില്‍ നമുക്ക് അനുമാനിക്കാം..

ഇന്നിപ്പോള്‍ ശാസ്ത്രപുരോഗതിക്കനുസരിച്ച് കാലം മാറി കോലം മാറി. മാറ്റം അനിവാര്യമാണ്, വേണ്ട എന്ന കാഴ്ചപ്പാട് പുരോഗമനാശയത്തെ പിന്നോട്ടടിക്കും എന്നതില്‍ സംശയമില്ല.. ശാസ്ത്രപുരോഗതിയില്‍ ഉണ്ടായ വളര്‍ച്ച എല്ലാ മേഖലയിലും കുതിച്ചുചാട്ടത്തിനു വഴിയൊരുക്കി. പക്ഷെ ജനത്തെ സംബന്ധിച്ച് സംഭവിച്ചത് സാമ്പത്തികശാസ്ത്രത്തിലെ അസമത്വകാഴ്ചപ്പാടുകളിലെ ലോകമായിരുന്നു.. ധനികന്‍ കൂടുതല്‍ ധനികനാവുകയും പാവപ്പെട്ടവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട് പോകുന്ന ഒരു അവസ്ഥ.. മധ്യവര്‍ഗത്തില്‍ പെട്ടവര്‍ പലരും താഴെ തട്ടിലേക്ക് നീങ്ങുന്ന അവസ്ഥയാണ് പലപ്പോഴും കാണാന്‍ കഴിയുന്നതും..

മധ്യവര്‍ഗം പ്രധാനമായും വാര്‍ത്തകളില്‍ ഏറെ ശ്രദ്ധകൊടുക്കുന്ന ജനവിഭാഗമാണ്. ഉപരിവര്‍ഗസമൂഹം പലപ്പോഴും വാര്‍ത്തകള്‍ക്ക് പ്രാധാന്യം പോലും കൊടുക്കാറില്ല.. അവരുടെ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടുന്ന പ്രവര്‍ത്തികളില്‍ മുഴുകി സ്വാധീനശക്തിയായി മാറി സര്‍ക്കാരിനെ കൊണ്ടും അധികാരവര്‍ഗത്തെ കൊണ്ട് കാര്യങ്ങള്‍ നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ മാത്രമാണ് അവരുടെ ചിന്ത.. തൊഴിലാളിവര്‍ഗത്തെ സംബന്ധിച്ച് അവരുടെ ലോകം എന്നും ചൂഷണസമൂഹത്തിനു എതിരെയാണ്. നിയമങ്ങളും രാഷ്ട്രീയവുമാണ് അവരുടെ ചിന്തകളില്‍.. തൊഴിലിനോടൊപ്പം അവനു ചുറ്റും നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെയുള്ള പോരാട്ടം. ആ പോരാട്ടത്തില്‍ അവനു കൂടെ ഉണ്ടാവുന്നതും ഈ മാധ്യമങ്ങള്‍ തന്നെയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്‍റെ ഉന്നമനത്തിനു വേണ്ടിയുള്ള പോരാട്ടമാണ് തൊഴിലാളിവര്‍ഗത്തിന് കൂടുതലായി ഏറ്റെടുക്കേണ്ടി വരുന്നത്..

ഇവിടയാണ് ഇന്ന് മാധ്യമങ്ങളുടെ പ്രസക്തിവര്‍ധിക്കുന്നത്.. ദൃശ്യ-പത്രമാധ്യമങ്ങളാണ് ഇന്നത്തെ ലോകം എന്നതരത്തിലുള്ള ചില കാഴ്ചപാടുകള്‍ പലരുടെ ഇടയിലും അറിയാതെ അടിഞ്ഞു കൂടിയിരിക്കുന്നു. എന്നാല്‍ നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞു മധ്യവര്‍ഗത്തെയും തൊഴിലാളിവര്‍ഗത്തെയും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെയും കീറി മുറിക്കാന്‍ ആണ് ഇന്നീ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.. ഉപരിവര്‍ഗതാത്പര്യം മുന്‍നിര്‍ത്തി അവര്‍ക്ക് വേണ്ടുന്ന വാര്‍ത്തകള്‍ അവരുടെ ഭാഗം പിടിച്ചു അവതരിപ്പിക്കുന്ന രീതി സമൂഹത്തിന്‍റെ മനസ്സില്‍ അടിച്ചേല്‍പ്പിക്കാന്‍ ആണ് മാധ്യമങ്ങള്‍ ഇന്ന് ശ്രമം നടത്തുന്നത്..

ലോകവാര്‍ത്താമാധ്യമങ്ങളിലെ പലതിനെയും നിയന്ത്രിക്കുന്നത്‌ അമേരിക്കയിലെ ഏറ്റവും പുരോഗതികൈവരിച്ച ആയുധവ്യാപാരശ്രിംഖലയാണെന്ന സത്യം പലപ്പോഴും ജനം തിരിച്ചറിയുന്നില്ല.. ഇവര്‍ക്ക് മുന്നോട്ടു വെയ്ക്കാനുള്ള നയം സാമ്രാജ്യത്വശക്തികളുടെ നയമാണ്.. തൊഴില്‍ദാതാവ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു ജനത്തെ ചൂഷണം ചെയ്തു ലാഭം കൊയ്യാനുള്ള വിപണനതന്ത്രത്തിനു അടിമപ്പെടുകയാണ് ജനം.. ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു..ഈ ആപത്തു തൊഴില്‍ കൊടുക്കുന്നു എന്ന ഒറ്റകാരണത്താല്‍ അവഗണിച്ചു വിടുകയും തൊഴിലാളികളെ അടിമപ്പണി എടുപ്പിക്കുകയും ചെയുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്..

ഇവരെന്താണ് ചെയുന്നത്.. ഓരോ രാജ്യത്തിന്റെയും ഭരണവര്‍ഗത്തെ സ്വാധീനിച്ചു അവിടുള്ള മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തി അവയ്ക്ക് വേണ്ടുന്ന പിന്തുണ നല്‍കി തങ്ങളുടെ വാര്‍ത്തകള്‍ അതിമനോഹരമായി ജനത്തെ എത്തിക്കുന്നു.. അതിനായി ഓരോ രാജ്യങ്ങളിലെ നയങ്ങളില്‍ പോലും ഇടപെടാനുള്ള കഴിവ് ഇവര്‍ സ്വായത്തമാക്കിയിരിക്കുന്നു.. തൊഴില്‍ നിയമങ്ങളില്‍ എന്ന് വേണ്ട മിക്ക നിയമങ്ങളിലും അവരുടെ അദൃശ്യകരങ്ങള്‍ സ്വാധീനം ചെലുത്തുന്നു.. മാധ്യമങ്ങള്‍ അവരുടെ വരുതിയിലും..

നിഷ്പക്ഷത, ജനതോടൊപ്പം എന്നൊക്കെ പറയുന്ന മാധ്യമങ്ങള്‍ സാമ്രാജ്യത്വ ശക്തികളുടെ കയ്യിലെ കളിപാവകള്‍ ആകുന്നു.. മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞും അറിയാതെയും ജീവിക്കാന്‍ ഉള്ള നിവൃത്തികേട് കൊണ്ടും അത്തരം സങ്കേതങ്ങള്‍ക്ക് അടിമപ്പെടുന്നു..

മാധ്യമങ്ങള്‍ പുതിയ സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കുന്നു.. വിപണി മുന്നില്‍ കണ്ടു ഇറക്കുന്ന പരസ്യങ്ങള്‍. അവയിലൂടെ സൃഷ്ടിക്കപ്പെട്ടെടുക്കുന്ന പുതിയ കുറെ വ്യക്തിതത്വങ്ങള്‍. അവയ്ക്ക് പിന്നില്‍ അന്താരാഷ്ട്രശക്തികളുടെ ബ്രാന്‍ഡ്‌ മാര്‍ക്കറ്റിംഗ് ടീം.. രാജ്യപുരോഗതി എന്ന ഓമനപ്പേരിട്ട് അഴിമതിക്കും തീരാകളങ്കത്തിനും മറപിച്ചു മറ്റൊരു രീതിയില്‍ മൂലധനശക്തികള്‍ക്കു അടിമപ്പണിചെയ്യുന്നു..

രാജ്ദീപ് സര്‍ദേശായി എന്ന മാധ്യമപ്രവര്‍ത്തകന് നേരെ നടന്ന കയ്യേറ്റം (അതും അങ്ങ് അമേരിക്കയില്‍ വെച്ച് നമ്മുടെ പ്രധാനമന്ത്രിക്ക് എതിരായി ചോദിച്ചതിനു അവിടുള്ള ചില ഭക്തര്‍ നടത്തിയത്) ചോദ്യം ചെയ്യാന്‍ പോലും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകസംഘത്തില്‍ ഇല്ലെന്നുള്ളത് ആശ്ചര്യം ഉളവാക്കുന്നു.. അതിലിന്നിപ്പോള്‍ വലിയ ആശ്ചര്യം തോന്നാത്തത് ലണ്ടന്‍ റോയല്‍ സൊസൈറ്റിയില്‍ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ശ്രി വെങ്കി രാമകൃഷ്ണന്‍ നടത്തിയ പ്രസ്താവന കണ്ടപ്പോള്‍ ആണ്. ശാസ്ത്ര കോണ്‍ഗ്രസ്‌ നടന്നപോള്‍ അതില്‍ നടത്തിയ മണ്ടത്തരങ്ങള്‍ക്ക് നേരെ ശാസ്ത്രലോകം മിണ്ടാതെ ഇരിക്കുന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയെന്നു.

ഇവിടെയാണ് മാധ്യമങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നത്.. പലപ്പോഴും മാധ്യമങ്ങള്‍ മൗനംഭജിക്കുന്നത് ആര്‍ക്കു വേണ്ടി. ചില വിഷയങ്ങളില്‍ ജനപക്ഷത്തു നില്‍ക്കുന്നതിനു പകരം അധികാര-മുതലാളിത്ത വര്‍ഗത്തിന് കീഴില്‍ അണിനിരക്കുന്നത് എന്തിനു വേണ്ടി.. ? ഉത്തരം ലളിതമാണ്.. ഈ പറയുന്ന ജനപക്ഷത്ത് നിന്നാല്‍ അവരാരും പരസ്യത്തിനു ഒന്നും തരില്ല..

മറ്റൊരു ചൂണ്ടുവിരല്‍ മാധ്യമലോകത്തിനു നേരെ ചൂണ്ടിയിരിക്കുന്നത് അവരുടെ ഇടയില്‍ നിന്ന് തന്നയാണ്.. കൂടുതല്‍ സര്‍ക്കാരിനെയും മറ്റും സുഖിപിച്ചു കൂടെ നിര്‍ത്തുന്ന മാധ്യമശ്രേഷ്ഠകളുടെ മണിമാളികകള്‍ക്ക് പിന്നിലും ഈ പറയുന്ന സാമ്രാജ്യത്വശക്തികള്‍ ആണെന്ന സത്യം.. പൊളിച്ചടുക്കും എന്ന രീതിയില്‍ ആശാസ്യമല്ലാത്ത ശൈലിയില്‍ താനാണ് നിയമപാലകന്‍ എന്ന നിലയില്‍ വാര്‍ത്തഅവതരിപ്പിക്കുന്നവരും വാര്‍ത്ത റിപ്പോര്‍ട്ടര്‍മാരും മാറിയിരിക്കുന്നു എന്നുള്ളത് ചൂണ്ടിക്കാട്ടിയതും മറ്റൊരു മാധ്യമപ്രവര്‍ത്തകയാണ്..

അധികമൊന്നും പിന്നോട്ട് പോയില്ലെങ്കിലും നീരാ റാടിയ ടേപ്പ് വിവാദം ഇന്ത്യയില്‍ നടന്നത് അധികവര്‍ഷം കഴിഞ്ഞിട്ടില്ല.. മുതലാളിത്തശക്തികള്‍ക്ക് വേണ്ടി മധ്യസ്ഥശ്രമങ്ങള്‍ നടത്താന്‍ സര്‍ക്കാരുമായി ഇടന്നിലക്കരുടെ വേഷം കെട്ടിയാടിയ ചില മാധ്യമപ്രവര്‍ത്തകര്‍.. സ്വത്തും സമ്പാദ്യവുമായി കഴിഞ്ഞാല്‍ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തനിക്ക് ഓഹരി തന്നാല്‍ വില്‍ക്കാന്‍ സഹായിക്കാം എന്നും പറഞ്ഞു നടക്കുന്ന The SO CALLED MEDIAPROFFESIONALS. 

സ്റ്റാറും സി എന്‍ എന്‍നും മറ്റും ഇന്ത്യയില്‍ വിദേശനിക്ഷേപം വഴി കുറുക്കുവഴി സ്വീകരിച്ചു ഇന്ത്യയില്‍ എത്തിപ്പെട്ടപോള്‍ ഇന്ന് റിലയന്‍സ് സ്വന്തമായി മാധ്യമരംഗത്തെക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നു.. ഇവയെ എതിര്‍ത്തിട്ടു കാര്യമില്ല.. കാരണം നിയമവ്യവസ്ഥിതി അനുസരിച്ച് സ്ഥാപനം വ്യവസായം തുടങ്ങാന്‍ സാധിക്കും.

എന്നാല്‍ എവിടെയാണ് നമ്മുടെ സ്വന്തം പ്രസാര്‍ഭാരതിയും മറ്റും..  ഏകദേശം പണയപ്പെടുത്തിയ അവസ്ഥയില്‍ തന്നെയാണ്. ഇന്നിപോള്‍ അത് വഴി സര്‍ക്കാര്‍ വാര്‍ത്തകള്‍ക്ക് അവസരം കൊടുക്കുന്നതൊഴിച്ചാല്‍ അധികം കേള്‍ക്കാനില്ല. മത്സരിക്കാന്‍ കഴിയാതെ ദൂരദര്‍ശന്‍ പിന്മാറേണ്ടി വന്നു എന്ന് പറയുന്നതാണ് ശരി..

ഇന്നത്തെ മാധ്യമങ്ങളുടെ ശബ്ദം ജനങ്ങളുടെതല്ല.. ആ ശബ്ദം മുതലാളിത്ത ശക്തികളുടെയും അധികാരവര്‍ഗ രാഷ്ട്രീയത്തിന്റെയും ആണെന്ന് ജനം തിരിച്ചറിയുന്നില്ല എന്നത് സങ്കടകരമാണ്. വസ്തുതകള്‍ വളച്ചൊടിക്കാനും. അസത്യം സത്യമാക്കാനും ശ്രമിക്കുന്നവരുടെ മാധ്യമപ്രവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്..

മുതലാളിത്തശക്തികളുടെ കയ്യിലെ കളിപാവയായി മാറിയ മാധ്യമപ്രവര്‍ത്തനത്തിനു എതിരെ ശബ്ദിക്കാന്‍ പുതുതലമുറയിലെ സാമൂഹിക മാധ്യമങ്ങള്‍ക്ക് മാത്രമെ സാധിക്കൂ.. സാമൂഹിക സത്യങ്ങള്‍ വെളിച്ചത് കൊണ്ട് വരാന്‍..

നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അധികാരകേന്ദ്രങ്ങളെ അറിയിക്കാന്‍. അതിന്‍ മേല്‍ നടപടിയെടുത്തിലെങ്കില്‍ അത് മേലധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരാന്‍.. അതല്ല അവഗണിക്കപ്പെടുന്നു എന്ന് തോന്നുകയാണേല്‍ അത് ജനസമക്ഷം അറിയിച്ചു പൊതുജനവികാരം ഉപയോഗപ്പെടുത്താന്‍ വേണ്ട രീതിയില്‍ സാമൂഹികമാധ്യമങ്ങള്‍ നാം ഉപയോഗിച്ചെ മതിയാവൂ..

ഇന്നിപോള്‍ നവമാധ്യമങ്ങള്‍ക്ക് നേരെ പോലും ചില അധികാരവര്‍ഗ നേതാക്കള്‍ യുദ്ധപ്രഖ്യാപനം നടത്തുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു..കൂലിയെഴുത്തു നടത്തുന്ന ചില മാധ്യമലോകത്തെ പുലികള്‍ക്ക് പോലും നവമാധ്യമത്തില്‍ സ്ഥാനമില്ല. കാരണം സത്യം അസത്യമാക്കാന്‍ ഇവിടെ എത്ര ശ്രമിച്ചാലും താഴെ തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ കിട്ടുന്നത് അനുസരിച്ച് അസത്യങ്ങള്‍ക്ക് മേല്‍ സത്യത്തിന്‍റെ വിജയമുണ്ടാവും..

നവമാധ്യമങ്ങള്‍ക്കുള്ള പങ്കു മനസിലാക്കി ഇന്നിപ്പോള്‍ മാധ്യമരംഗത്തുള്ള ദൃശ്യ-പത്ര മാധ്യമങ്ങള്‍ അവരുടെ നിലപാടുകള്‍ക്ക് വേണ്ടി സാമൂഹിക മാധ്യമത്തിലും ഇടപ്പെടുന്നു. അവര്‍ക്ക് വേണ്ടിയുള്ള ചിലത് ഇന്നിപോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്നു..

മാധ്യമങ്ങളുടെ മുതലാളിത്തദാസ്യവേല തിരിച്ചറിയാനും അതിനെതിരെ സാമൂഹികമാധ്യമത്തിലൂടെ ശക്തമായി തിരിച്ചടി നല്‍കുവാനും സാധിക്കണം..അവസാനിപ്പിക്കുന്ന വരികളില്‍ വിപ്ലവസൂര്യന്‍ ചെ എന്ന് വിളിപ്പേരുള്ള 'സഖാവ് ഏര്‍നെസ്റ്റോ  ഗുവേരാ ഡി ലാ സെര്‍ന' പറഞ്ഞത് ഒന്ന് ഓര്‍മിപ്പിക്കുന്നു.. "ഉയരാത്ത കയ്യും പറയാത്ത നാവും അടിമത്ത്വത്തിന്‍റെതാണ്"

Thursday, March 19, 2015

നോക്കുകുത്തിയാകുന്ന നിര്‍ഭയ.. സ്ത്രീസുരക്ഷക്ക് ഇനിയും കാലമേറെ..

ഒബാമ വന്നപ്പോള്‍ വെച്ച ആ ക്യാമറയൊക്കെ അവിടെ തന്നെയുണ്ടോ.. !!!

രാജ്യതലസ്ഥാനത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല.. ഇവിടെ അറിഞ്ഞു കൊണ്ട് തന്നെയാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നു വരുന്നത്. പ്രതിരോധിക്കേണ്ടവരാക്കട്ടെ വാഗ്ദാനമഴയില്‍ ജനത്തെ വലയ്ക്കുന്നു...

സ്ത്രീയെ സുരക്ഷിതയാക്കണ്ടെ... വേണം എന്ന് തന്നെ ഏവരും അഭിപ്രയപ്പെടും.. എന്നാല്‍ ഉത്തരഇന്ത്യയില്‍ സ്ഥിതി വ്യത്യാസമാണ്.. അവിടെ സ്ത്രീകളെ വിദ്യാഭ്യാസം കൊടുക്കാന്‍ തന്നെ അനുവദിക്കുന്നത് ഏറെ വിരളമാണ്.. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പഠനത്തിനു വരുന്നത്. അത് തന്നെ വിരളമാണ്..കാലം മാറിയത് അനുസരിച്ച് അതിന്റേതായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. അത് നിഷേധിക്കാതെ വയ്യ...

സ്ത്രീകള്‍ അടുക്കളയില്‍ ഇരിക്കേണ്ടത് ആണെന്ന പുരുഷസങ്കല്പത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ആക്രമണങ്ങള്‍ ആണ് ഇന്നിപ്പോള്‍ പലപ്പോഴും വടക്കെഇന്ത്യയില്‍ നിന്ന് കേട്ടുകൊണ്ട് ഇരിക്കുന്നത്... പുരുഷന്‍റെ അടിമയായി നിര്‍ത്തി വീട്ടുക്കാര്യം നോക്കാന്‍ ഏല്‍പ്പിക്കുന്ന ഒരു വര്‍ഗമായി മാറ്റാനുള്ള ശ്രമങ്ങള്‍ ആണ് നടന്നു വരുന്നത്..

കുപ്രസിദ്ധമായ ദല്‍ഹി പീഡനവിഷയത്തില്‍ പ്രതിയായ മുകേഷ് സിംഗ് പറഞ്ഞത് സംപ്രേക്ഷണം ചെയാതിരുന്നത് കൊണ്ടൊന്നും പ്രയോജനമില്ല.. അതാണ്‌ ഇന്ത്യ കാണുന്നത്.. ഒരു പക്ഷെ മോഡിക്ക് ഉപയോഗപ്രദമായി സ്റ്റാര്‍ ചാനല്‍ സംപ്രേക്ഷണം നടത്തിയിരുന്ന അമീര്‍ ഖാന്‍ പരിപാടി. വടക്കെ ഇന്ത്യയില്‍ നടന്നിരുന്ന സ്ത്രീഭ്രൂണഹത്യ അടക്കമുള്ള വിഷയങ്ങള്‍, സ്ത്രീകള്‍ക്ക് നേരേ നടന്ന ആസിഡ് അറ്റാക്ക്‌ എന്നിവ ചൂണ്ടി കാണിച്ചിരുന്നു.. അന്നത് സ്റ്റാര്‍ ചാനല്‍ ഇന്ത്യയില്‍ ഒട്ടുക്കും സംപ്രേക്ഷണം നടത്തുകയും ചെയ്തു.. അന്നൊന്നും ഇല്ലാത്ത വികാരം ഇപ്പോള്‍ ഉണ്ടാവേണ്ടത് അത് ആര്‍ക്കായാലും ശരിയല്ല..

ജാതി രാഷ്ട്രീയസമീപനം... സ്ത്രീകള്‍ക്ക് എതിരെ.....

ജനാതിപത്യസംവിധാനം എന്നൊക്കെ വാതോരാതെ പ്രസംഗിക്കുന്ന വടക്കെ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടികള്‍ വസ്തുതകള്‍ക്ക് വ്യക്തത നല്‍ക്കാതെ ആണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌... ഖാപ് പഞ്ചായത്തുകള്‍ ആണിന്നും വടക്കെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഭരിക്കുന്നത്‌.. അവരെ നയിക്കുന്നത് ജാതി മത സങ്കല്പങ്ങളും... അവിടെ അവര്‍ തീരുമാനിക്കും ആരെന്തു ചെയ്യണം എന്ന് പോലും.. അവിടുള്ള വനിതകള്‍ ആരൊക്കെ പഠിക്കണം ആരൊക്കെ പഠിക്കേണ്ട എന്നത് അടക്കം.. ജമീന്ദാര്‍ വ്യവസ്ഥിതി മാറാത്ത എത്രയോ സംസ്ഥാനങ്ങള്‍ ഇന്നും വടക്കെ ഇന്ത്യയില്‍ ഉണ്ട്..

ദളിത്‌ യുവതിക്ക് തുടര്‍പഠനത്തിനു പോകാന്‍ അനുമതിനിഷേധിക്കുകയും അത് ചെവികൊള്ളാതെ ഇരുന്നു തുടര്‍പഠനത്തിനു ശ്രമിച്ചതിനു തീകൊളുത്തി കൊന്ന നരാധമന്‍മാരുടെ വടക്കെ ഇന്ത്യ.. ആരുമില്ല ചോദിക്കാന്‍.. ജാതിവര്‍ഗ രാഷ്ട്രീയം പയറ്റുന്ന പാര്‍ട്ടികാര്‍ അത് കേട്ടിട്ടുണ്ട് എന്ന് പോലും തോന്നുന്നില്ല..

ഇന്നിപോള്‍ ഒടുവില്‍ ഒരു സ്കൂള്‍ മാനേജ്മെന്റ് അധ്യാപകരോടും വിദ്യാര്‍ഥികളോടും ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്നെ മതിയാവൂ എന്ന് പറഞ്ഞിരിക്കുന്നു.. അല്ലേല്‍ അധ്യാപകരുടെ ശമ്പളം തടഞ്ഞു വെയ്ക്കും പോലും.. പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ ഈ മാനേജ്മെന്റ് കാണിച്ചു കൂട്ടുന്നത്‌ ദാസ്യവേലയാണ്.. ബി ജെ പി എന്ന പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ തയ്യാര്‍ ആവാത്തത് നിങ്ങള്ക്ക് സുഖമായി പറയാം ഞങ്ങള്‍ പറഞ്ഞിട്ടില്ല അങ്ങനെയൊന്നും.. അവിടത്തെ മാനേജ്‌മന്റ്‌ പറഞ്ഞതിന് ഞങ്ങള്‍ എന്ത് പിഴച്ചു എന്ന്..

ഇന്നിപോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വികലമായ സാമ്പത്തികനയങ്ങളാണ്.. അതിനു മറപിടിച്ചു വര്‍ഗീയരാഷ്ട്രീയം തുറന്നു വിടാന്‍ ശ്രമിക്കുകയാണ് ബി ജെ പി യും എന്‍ ഡി എ സര്‍ക്കാരും.. ഭൂരിപക്ഷം ഉണ്ടെന്നു കരുതി.. തോന്ന്യസത്തിനു ഇറങ്ങുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്‌.. ഒബാമക്ക് വേണ്ടി ക്യാമറ പിടിപ്പിച്ചപ്പോള്‍, അന്ന് കോടതി ചോദിച്ചതാണ് കേന്ദ്രസര്‍ക്കാരിനോട്.. ഇവിടുള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് നിങ്ങള്‍ക്കില്ലാത്ത വ്യഗ്രത എന്തെ ഒബാമയൊടെന്ന്..

ഇന്നും ആ ക്യാമറ അവിടെ ഉണ്ടോ.. ഉണ്ടെങ്കില്‍ പിന്നെന്തെ ഇങ്ങനെ..

കേന്ദ്രത്തിലെ എന്‍ ഡി എ സര്‍ക്കാര്‍ നോക്കുകുത്തി മാത്രമാണ്.. വാഗ്ദാനം പൊഴിക്കുന്ന വെറും  നോക്ക്കുത്തി..